ആര്‍സിബി പേസര്‍ യഷ് ദയാലിനെതിരേ വീണ്ടും പോക്‌സോ കേസ്

Update: 2025-07-25 10:02 GMT

ജയ്പുര്‍: ഇന്ത്യന്‍ പേസറും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു താരവുമായ യഷ് ദയാലിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി. ജയ്പുരിലെ സംഗ്നര്‍ പോലിസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകത്ത സമയത്ത് താരം രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി പീഡനത്തിനു ഇരയാക്കിയെന്നാണ് പരാതി.

ജയ്പുരില്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കായി വന്ന സമയത്താണ് പരാതിക്കിടയായ സംഭവത്തിന്റെ തുടക്കം. അന്ന് തനിക്ക് 17 വയസായിരുന്നുവെന്നും ക്രിക്കറ്റ് കരിയറുണ്ടാക്കാമെന്നും കരിയറില്‍ ഉയര്‍ച്ച നേടാനുള്ള കാര്യങ്ങള്‍ ഉപദേശിക്കാമെന്നും പറഞ്ഞു ഹോട്ടല്‍ മുറിയിലേക്കു വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. പീഡനം രണ്ട് വര്‍ഷത്തോളം തുടര്‍ന്നു. നിലവില്‍ താരത്തിനെതിരെ പോക്സോ നിയമമനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ യുപിയിലും താരത്തിനെതിരെ ഒരു യുവതി പരാതി നല്‍കിയിരുന്നു. പിന്നാലെ പോലിസ് കേസെടുത്തു. അതിനിടെ ഹൈക്കോടതി താരത്തിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. പിന്നാലെയാണ് പുതിയ പരാതിയുമായി ജയ്പുരില്‍ നിന്നുള്ള യുവതി രംഗത്തെത്തിയത്.താരം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതിയാണ് ആദ്യം പരാതി നല്‍കിയത്.



Tags: