ഛത്തീസ്ഗഡില്‍ മത പരിവര്‍ത്തനം ആരോപിച്ച് വീണ്ടും സംഘര്‍ഷം; ഹിന്ദുത്വ പ്രവര്‍ത്തകര്‍ പുരോഹിതന്റെ മുഖത്തടിച്ചു, ക്രൂരമര്‍ദനം

Update: 2025-11-09 07:00 GMT

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മത പരിവര്‍ത്തനം ആരോപിച്ച് വീണ്ടും സംഘര്‍ഷം. ഹിന്ദുക്കളെ മതം മാറ്റുന്നുവെന്ന് ആരോപിച്ച് ബജ്റംഗ്ദള്‍, ബിജെപി നേതാക്കളും ഹിന്ദു സംഘടനകളിലെ അംഗങ്ങളും പുരോഹിതനെ ക്രൂരമായി മര്‍ദിച്ചെന്നാണ്് പരാതി. ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടായിരുന്നു ഹിന്ദുത്വ അനുകൂല സംഘടനയിലെ പ്രവര്‍ത്തകര്‍ പാസ്റ്ററേയും അവിടെ ഒത്തുകൂടിയ ക്രൈസ്തവ വിശ്വാസികളെയും ആക്രമിച്ചത്.

സംഭവത്തില്‍ ക്രൈസ്തവ വിശ്വാസികള്‍ റോഡ് ഉപരോധിച്ചു. ആക്രമിക്കാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്. ഛത്തീസ്ഗഡിലെ ബാല്‍കോ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ബാല്‍കോ ജില്ലയിലെ ഏകദേശം 100-ലധികം വരുന്ന പാസ്റ്റര്‍മാര്‍ പ്രാര്‍ഥനയ്ക്കു വേണ്ടി പ്രേംലത ഛാതര്‍ എന്ന സ്ത്രീയുടെ വീട്ടിലെത്തിയിരുന്നു. വീടിന്റെ ഒന്നാം നിലയിലാണ് ക്രൈസ്തവ വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കായി എത്തിയത്.

എന്നാല്‍, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരും ബിജെപി നേതാക്കളും ഹിന്ദു സംഘടനകളിലെ മറ്റ് അംഗങ്ങളും ഇവിടെയെത്തി ഇവരില്‍ നിന്ന് ആധാര്‍ കാര്‍ഡുകള്‍ ആവശ്യപ്പെട്ടു. ഇവിടെ ഹിന്ദുക്കളെ മതം മാറ്റുന്നുണ്ടോ എന്ന ചോദ്യമുന്നയിച്ച് ആക്രമം നടത്തുകയായിരുന്നുവെന്ന് ക്രൈസ്ത വിശ്വാസികള്‍ ആരോപിച്ചു. ''റംഗഡയില്‍ ഞങ്ങളുടെ ഒരു വിശ്വാസിയുടെ വീടുണ്ട്. ഞങ്ങള്‍ അവിടെ പ്രതിമാസ യോഗം നടത്തുകയായിരുന്നു. ഞങ്ങളുടെ സമുദായത്തിലെ അംഗങ്ങള്‍ അവിടെ ഒത്തുകൂടി ഭാവിയില്‍ നടത്തേണ്ട ആഘോഷങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നുവെന്നാണ് ക്രൈസ്തവ വിശ്വാസികള്‍ മറുപടി പറഞ്ഞത്.

അതേസമയം വിവരം ലഭിച്ചയുടന്‍ സ്ഥലത്തെത്തിയെന്നും അന്വേഷണം ആരംഭിച്ചുവെന്നും പോലിസ് പറഞ്ഞു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ജനക്കൂട്ടത്തെ നീക്കി സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചു. അന്വേഷണത്തിന് ശേഷം നിയമനടപടി സ്വീകരിക്കുമെന്നും കോര്‍ബ സിഎസ്പി ഭൂഷണ്‍ എക പറഞ്ഞു.