ടൂള്‍ കിറ്റ് കേസ്: ആക്ടിവിസ്റ്റ് ശുഭം കാര്‍ ചൗധരിക്കും അറസ്റ്റില്‍നിന്ന് സംരക്ഷണം
ഡല്‍ഹി കോടതിയാണ് ചൗധരിയെ മാര്‍ച്ച് 15 വരെ അറസ്റ്റുചെയ്യുന്നത് വിലക്കിയത്. സെക്ഷന്‍ 124 എ (രാജ്യദ്രോഹം), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) 153 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശുഭം ചൗധരിക്കെതിരേ ഡല്‍ഹി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ നികിത ജേക്കബിനും ശാന്തനു മുലുകിനും പുറമെ പരിസ്ഥിതി പ്രവര്‍ത്തകനായ ശുഭം കാര്‍ ചൗധരിയെയും അറസ്റ്റുചെയ്യുന്നത് കോടതി തടഞ്ഞു. ഡല്‍ഹി കോടതിയാണ് ചൗധരിയെ മാര്‍ച്ച് 15 വരെ അറസ്റ്റുചെയ്യുന്നത് വിലക്കിയത്. സെക്ഷന്‍ 124 എ (രാജ്യദ്രോഹം), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) 153 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശുഭം ചൗധരിക്കെതിരേ ഡല്‍ഹി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. നേരത്തെ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചും ചൗധരിക്ക് മാര്‍ച്ച് 12 വരെ അറസ്റ്റില്‍നിന്ന് സംരക്ഷണം നല്‍കിയിരുന്നു.
ഡല്‍ഹിയിലും കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ഇദ്ദേഹം ഡല്‍ഹി കോടതിയെ സമീപിച്ചത്. ടൂള്‍ കിറ്റ് നിര്‍മിച്ചതിലോ വിതരണം ചെയ്തതിലോ തന്റെ കക്ഷിക്ക് യാതൊരു പങ്കുമില്ലെന്നും അതിനാല്‍ അറസ്റ്റില്‍നിന്ന് സംരക്ഷണം നല്‍കണമെന്നും ശുഭം ചൗധരിയുടെ അഭിഭാഷകന്‍ സൗതിക് ബാനര്‍ജി കോടതിയില്‍ ആവശ്യപ്പെട്ടു. ഗോവ ബെഞ്ച് അറസ്റ്റിന് നല്‍കിയ ഇടക്കാല സംരക്ഷണം ഇന്ന് അവസാനിക്കാനിരിക്കുന്നതിനാല്‍ ഇത് നീട്ടണമെന്ന് ചൗധരിയുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു.
കൂട്ടുപ്രതികളായ ശാന്തനു മുലുക്കിന്റെയും നികിതാ ജേക്കബിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ മാര്‍ച്ച് 15 നാണ് പട്ടികയില്‍പ്പെടുത്തിയിരിക്കുന്നതെന്നും അതിനാല്‍ ഈ കേസ് കൂടി അന്ന് പരിഗണിക്കണമെന്നും അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇര്‍ഫാന്‍ അഹമ്മദ് കോടതിയോട് അഭ്യര്‍ഥിച്ചു. കേസിന്റെ വസ്തുതകള്‍ ഒന്നുതന്നെയാണെന്നും അതിനാല്‍ കാര്യങ്ങള്‍ ഒരുമിച്ച് പരിഗണിക്കാവുന്നതാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. കേസില്‍ ഫെബ്രുവരി 13ന് 22കാരിയായ ദിശാ രവിയെ ഡല്‍ഹി പോലിസ് അറസ്റ്റുചെയ്തിരുന്നു. കര്‍ഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തന്‍ബെ ട്വിറ്ററില്‍ പങ്കുവച്ച ടൂള്‍ കിറ്റ് രൂപകല്‍പന ചെയ്തതിനാണ് ദിശാ അറസ്റ്റിലാവുന്നത്.
