ഒഡീഷയിലെ ഗ്രാമങ്ങളില്‍ വോട്ടെടുപ്പ് നടത്തുന്നതിനെതിരേ ഹരജി; ആന്ധ്ര സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്

വിജ്ഞാപനം പുറത്തിറക്കുന്നത് തങ്ങളുടെ പ്രദേശം കൈയേറുന്നതിന് തുല്യമാണെന്ന് ഹരജി പരിഗണിക്കുന്നതിനിടെ ഒഡീഷ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വാദിച്ചു. കോടതിയലക്ഷ്യ ഹരജി അടിയന്തരമായി പട്ടികയില്‍പ്പെടുത്തണം. നിലവിലെ സ്ഥിതി തുടരണമെന്ന കോടതി ഉത്തരവ് ആന്ധ്ര സര്‍ക്കാര്‍ മനപ്പൂര്‍വം ലംഘിക്കുകയാണെന്നും നവീന്‍ പട്‌നായിക് സര്‍ക്കാര്‍ ഹരജിയില്‍ കുറ്റപ്പെടുത്തി.

Update: 2021-02-12 10:51 GMT

ന്യൂഡല്‍ഹി: ഒഡീഷയുടെ നിയന്ത്രണത്തിലുള്ള മൂന്ന് ഗ്രാമങ്ങളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ വിജ്ഞാപനമിറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി ആന്ധ്രാപ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചു. വിജ്ഞാപനം പുറത്തിറക്കുന്നത് തങ്ങളുടെ പ്രദേശം കൈയേറുന്നതിന് തുല്യമാണെന്ന് ഹരജി പരിഗണിക്കുന്നതിനിടെ ഒഡീഷ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വാദിച്ചു. കോടതിയലക്ഷ്യ ഹരജി അടിയന്തരമായി പട്ടികയില്‍പ്പെടുത്തണം. നിലവിലെ സ്ഥിതി തുടരണമെന്ന കോടതി ഉത്തരവ് ആന്ധ്ര സര്‍ക്കാര്‍ മനപ്പൂര്‍വം ലംഘിക്കുകയാണെന്നും നവീന്‍ പട്‌നായിക് സര്‍ക്കാര്‍ ഹരജിയില്‍ കുറ്റപ്പെടുത്തി.

ഉദ്യോഗസ്ഥരെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കണമെന്നും ഒഡീഷ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിസി നഗരം ജില്ലാ കലക്ടര്‍ മുഡെ ഹരി ജവഹര്‍ലാല്‍, ആന്ധ്ര ചീഫ് സെക്രട്ടറി ആദിത്യനാഥ് ദാസ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ രമേശ് കുമാര്‍ എന്നിവര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ഒഡീഷ ആവശ്യപ്പെട്ടത്. അതേസമയം, ഈ ഗ്രാമങ്ങളില്‍ നേരത്തെയും തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെന്നാണ് ആന്ധ്ര സര്‍ക്കാരിന്റെ വാദം. ഹരജി പരിഗണിച്ച സുപ്രിംകോടതി ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച്, ഈമാസം 19നകം മറുപടി സമര്‍പ്പിക്കാന്‍ ആന്ധ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേസ് അന്നേദിവസം വീണ്ടും പരിഗണിക്കും. കൊട്ടിയ ഗ്രൂപ്പ് ഓഫ് വില്ലേജ് എന്നറിയപ്പെടുന്ന 21 ഗ്രാമങ്ങളുടെ അധികാരപരിധി സംബന്ധിച്ചാണ് ഇരുസംസ്ഥാനങ്ങളും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കമുള്ളത്. കേസില്‍ വിധി വരുന്നതുവരെ നിലവിലെ സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി 1968ല്‍ ഡിസംബര്‍ രണ്ടിന് ഉത്തരവിട്ടിരുന്നു. തര്‍ക്കത്തിലുള്ള പ്രദേശങ്ങളില്‍ ഇരുഭാഗത്തുനിന്നും കടന്നുകയറ്റമുണ്ടാവരുതെന്നും കോടതി ന്ിര്‍ദേശിച്ചിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 പ്രകാരം ഒഡീഷ സര്‍ക്കാര്‍ സമര്‍പ്പിച്ച കേസ് 2006 മാര്‍ച്ച് 30 ന് കോടതി സാങ്കേതിക കാരണങ്ങളാല്‍ തള്ളിയിരുന്നു. തര്‍ക്കപരിഹാരമുണ്ടാവുന്നതുവരെ തല്‍സ്ഥിതി തുടരാനും ആവശ്യപ്പെട്ടു.

Tags: