ജാമ്യത്തിലുള്ള പ്രതിക്ക് വിദേശയാത്ര നടത്താന്‍ അനുമതി തേടാനാകില്ല: അലഹബാദ് ഹൈക്കോടതി

Update: 2025-05-03 07:03 GMT

ലക്‌നോ: ജാമ്യം ലഭിച്ച പ്രതിക്ക് വിദേശയാത്രയ്ക്ക് അനുമതി തേടാന്‍ അവകാശമില്ലെന്ന് കോടതി ഉത്തരവ്. അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിദേശത്തുള്ള ബന്ധുവിന്റെ വിവാഹവും മറ്റൊരു രാജ്യത്തേക്കുള്ള വിനോദയാത്രയും വിചാരണത്തടവുകാരന് അന്താരാഷ്ട്ര യാത്ര നടത്തുന്നതിനുള്ള അവശ്യ കാരണങ്ങളായി കണക്കാക്കില്ലെന്ന് കോടതി പറഞ്ഞു.

ബറേലിയിലെ ശ്രീരാം മൂര്‍ത്തി സ്മാരക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കണ്‍സള്‍ട്ടന്റായ ആദിത്യ മൂര്‍ത്തി സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ഥിയാണ് വിധി പറഞ്ഞത്.

ബന്ധുവിന്റെ വിവാഹത്തിനായി അമേരിക്കയിലേക്കും തുടര്‍ന്ന് മേയ് മൂന്ന് മുതല്‍ 22 വരെ ഫ്രാന്‍സിലേക്കും പോകാനാണ് മൂര്‍ത്തി അനുമതി തേടിയത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ ഒരു പ്രതിക്ക് വൈദ്യചികിത്സ, അടിയന്തിര ഔദ്യോഗിക കാര്യങ്ങളില്‍ പങ്കെടുക്കല്‍ തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കാം. എന്നാല്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കേണ്ടത് അത്യാവശ്യമല്ലെന്ന് ബെഞ്ച് വ്യക്തമാക്കി.