ഭീഷണിയുണ്ട്, 'ഇസഡ്' കാറ്റഗറി സുരക്ഷ സ്വീകരിക്കണം; ഉവൈസിയോട് അമിത് ഷാ
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രണ്ട് പിസ്റ്റളുകള്‍ പോലിസ് കണ്ടെടുത്തതായും അമിത് ഷാ പറഞ്ഞു.
ന്യൂഡല്‍ഹി: കാറിന് നേരെ വെടിവെപ്പുണ്ടായ സാഹചര്യത്തില്‍ എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീന്‍ ഉവൈസി കേന്ദ്ര സര്‍ക്കാരിന്റെ 'ഇസഡ്' കാറ്റഗറി സുരക്ഷ വാഗ്ദാനം സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. ഉവൈസിക്ക് ഭീഷണിയുണ്ട്. 'ഇസഡ്' കാറ്റഗറി സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഉവൈസി നിരസിച്ചു. അദ്ദേഹമത് സ്വീകരിക്കണമെന്ന് സഭയിലെ അംഗങ്ങളുടെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ഷാ പാര്‍ലമെന്റില്‍ പറഞ്ഞു.
'രണ്ട് പേര്‍ അസദുദ്ദീന്‍ ഉവൈസിയുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹം സുരക്ഷിതനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വാഹനത്തില്‍ താഴ്ഭാഗത്ത് വെടിയേറ്റ മൂന്ന് അടയാളങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തിന് മൂന്ന് പേര്‍ ദൃസാക്ഷികളാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു', അമിത് ഷാ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രണ്ട് പിസ്റ്റളുകള്‍ പോലിസ് കണ്ടെടുത്തതായും അമിത് ഷാ പറഞ്ഞു. ഒരു മാരുതി ആള്‍ട്ടോ കാറും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യംചെയ്യുകയാണ്. പോലിസ് സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമസമാധാനനില നിയന്ത്രണത്തിലാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു.