ഡല്‍ഹിക്കുള്ള ഓക്‌സിജന്‍ ക്വാട്ട വെട്ടിക്കുറച്ച് മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കി; കേന്ദ്രത്തിനെതിരേ ആരോപണവുമായി കെജ്‌രിവാള്‍

Update: 2021-04-19 03:21 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുകയും ഓക്‌സിജന്റെ ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ഗുരുതരമായ ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. ഡല്‍ഹിക്കുള്ള മെഡിക്കല്‍ ഓക്‌സിജന്റെ അളവ് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചെന്നും ഈ ക്വാട്ട മറ്റ് സംസ്ഥാനങ്ങളിലേക്ക് വകമാറ്റിയതായും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. ഡല്‍ഹിക്ക് വേണ്ടിയുള്ള 140 മെട്രിക് ടണ്‍ ഓക്‌സിജനാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് മറിച്ചുകൊടുത്തത്. ഇത് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന് കത്തെഴുതി.

രാജ്യതലസ്ഥാനത്ത് ഓക്‌സിജന്റെ കടുത്ത ക്ഷാമം നേരിടുകയാണെന്നും അടിയന്തരാവസ്ഥയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം നേരിടുകയാണ്. രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നത് കണക്കിലെടുക്കുമ്പോള്‍ ഡല്‍ഹിയില്‍ സാധാരണയേക്കാള്‍ കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമാണ്. എന്നാല്‍, വിതരണം വര്‍ധിപ്പിക്കുന്നതിന് പകരം ഞങ്ങളുടെ സാധാരണ വിഹിതംതന്നെ കുത്തനെ വെട്ടിക്കുറച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് മറിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ഡല്‍ഹിയിക്ക് ഓക്‌സിജന്‍ ഒരു അടിയന്തര ആവശ്യമാണ്- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ഞങ്ങള്‍ക്ക് കിടക്കകളും ഓക്‌സിജനും ആവശ്യമാണ്.

ഐസിയു കിടക്കകളും ഓക്‌സിജനും ഞങ്ങള്‍ ക്രമീകരിക്കാന്‍ ശ്രമിക്കുന്നു- മന്ത്രിസഭാ യോഗത്തിന് ശേഷം കെജ്‌രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലെ പ്രധാന ഓക്‌സിജന്‍ വിതരണക്കാര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇത് തിരിച്ചുവിട്ടിട്ടുണ്ട്. ഈ നിര്‍ണായകഘട്ടത്തില്‍ ഇപ്പോള്‍ ഡല്‍ഹിയിലേക്ക് നിയോഗിച്ചിട്ടുള്ള പുതിയ വിതരണക്കാരുമായി ആശുപത്രികള്‍ക്ക് കരാര്‍ വ്യവസ്ഥകളില്‍ ഏര്‍പ്പെടാന്‍ കഴിയില്ല. ഓക്‌സിജന്റെ കുറവ് പ്രധാന ആശുപത്രികളില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് ഗോയലിന് എഴുതിയ കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Tags:    

Similar News