ന്യൂഡല്‍ഹി: അമരീന്ദര്‍ സിങ്ങിന്റെ പിന്‍ഗാമിയായി പഞ്ചാബ് മുഖ്യമന്ത്രിയാവാനുള്ള വാഗ്ദാനം നിരസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അംബികാ സോണി. ശനിയാഴ്ച രാത്രി വൈകി രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് അവര്‍ നിലപാട് വ്യക്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സിഖ് സമുദായാംഗം മുഖ്യമന്ത്രിസ്ഥാനത്തെത്തിയില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് അംബിക ചര്‍ച്ചയില്‍ വ്യക്തമാക്കിയതായി രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.ഇന്ദിരാ ഗാന്ധി 1969ല്‍ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന അംബിക, ഗാന്ധികുടുംബത്തിന്റെ വിശ്വസ്തയാണ്. ഹോഷിയാര്‍പുര്‍ സ്വദേശിനിയായ ഇവര്‍ പഞ്ചാബില്‍നിന്ന് പലകുറി രാജ്യസഭയിലെത്തിയിട്ടുണ്ട്.
പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ച തുടരുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുനില്‍ ഝാക്കര്‍, മുന്‍ പിസിസി അധ്യക്ഷനായ പ്രതാപ് സിങ് ബാജ്‌വ എന്നിവരാണ് അടുത്ത മുഖ്യമന്ത്രിയാവാനുള്ള സാധ്യത പട്ടികയില്‍ മുന്നിലുള്ളത്. പഞ്ചാബില്‍ ഒരു സിഖ് മുഖ്യമന്ത്രി വന്നില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങളുണ്ടാവുമെന്നും അഭിപ്രായങ്ങളുയരുന്നു. പ്രതിസന്ധി പരിഹാരത്തിനും പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുമായി എഐസിസി നിരീക്ഷകരായ അജയ് മാക്കനും ഹരീഷ് ചൗധരിയും ചണ്ഡീഗഢിലെത്തിയിരുന്നു.
പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തും ചണ്ഡീഗഢില്‍ ക്യാംപ് ചെയ്യുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ച അമരീന്ദര്‍ സിങ്ങിന്റെ നീക്കവും ഹൈക്കമാന്‍ഡ് നിരീക്ഷിക്കുന്നുണ്ട്. ആരാവണം അടുത്ത മുഖ്യമന്ത്രി എന്ന വിഷയത്തില്‍ ഓരോ എംഎല്‍എമാരുമായും ഇവര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ചര്‍ച്ചകള്‍ക്കുശേഷം എംഎല്‍എമാരുടെ അഭിപ്രായം ഇവര്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിനെ അറിയിക്കും. ആരാവും പഞ്ചാബിന്റെ അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ഇന്നുച്ചയ്ക്കുശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. പഞ്ചാബില്‍ ആഭ്യന്തര കലഹത്തെത്തുടര്‍ന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ശനിയാഴ്ചയാണ് രാജി സമര്‍പ്പിച്ചത്.
ശനിയാഴ്ച വൈകുന്നേരം 4.30ന് അദ്ദേഹം ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. പാര്‍ട്ടി നിയമസഭാകക്ഷി യോഗം ചേരുന്നതിനു തൊട്ടുമുമ്പായിരുന്നു രാജി. അപമാനിതനായി തുടരാനാവില്ലെന്നും രാജിവയ്ക്കുകയാണെന്നും രാവിലെ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ച ശേഷമാണ് രാജിക്കത്ത് നല്‍കിയതെന്ന് അമരീന്ദര്‍ പറഞ്ഞു. താന്‍ അപമാനിക്കപ്പെട്ടുവെന്ന് കമല്‍നാഥ്, മനീഷ് തിവാരി തുടങ്ങിയ നേതാക്കളെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു.
അമരീന്ദര്‍ സിങ്ങിനെ നീക്കണമെന്നാവശ്യപ്പെട്ട് 50 എംഎല്‍എമാര്‍ ഒപ്പിട്ട് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കത്തയച്ചതോടെയാണു രാജി അനിവാര്യമായത്. അടുത്ത ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിലെ നേതൃപ്രതിസന്ധി പൊട്ടിത്തെറിയിലെത്തിയത്. അമരീന്ദര്‍ വിളിച്ച യോഗത്തില്‍ 15 എംഎല്‍എമാരേ പങ്കെടുത്തുള്ളൂ. പിസിസി പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം അമരീന്ദറിനെതിരേ പരസ്യമായി രംഗത്തെത്തിയതോടെ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലാണ്. 2002 മുതല്‍ അഞ്ചുവര്‍ഷക്കാലം മുഖ്യമന്ത്രിയായിരുന്ന അമരീന്ദറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം തിരികെപ്പിടിച്ചാണ് വീണ്ടും മുഖ്യമന്ത്രിയായത്.

