ജെഎന്‍യു വിദ്യാര്‍ഥി സമരം ഒത്ത് തീര്‍പ്പാക്കാന്‍ മാനവ വിഭവശേഷി മന്ത്രി തയ്യാറാകണമെന്ന് എഎം ആരിഫ് എംപി

വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിനികളെയും, അന്ധനും അറിയപ്പെടുന്ന എഴുത്തുകാരനും കവിയുമായ ശശിഭൂഷണിനെയും മര്‍ദ്ദിച്ച പോലിസിന്റെ നടപടി രാഷ്ട്രിയ ഉദ്ദേശത്തോടു കൂടിയുള്ളതാണെന്നും ആരിഫ് പറഞ്ഞു.

Update: 2019-11-28 11:13 GMT

ന്യൂഡല്‍ഹി: മൂന്ന് ആഴ്ചയായി ജെഎന്‍യു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തി വരുന്ന സമരം ഒത്ത് തീര്‍പ്പാക്കാന്‍ മാനവ വിഭവശേഷി മന്ത്രി തയ്യാറാകണമെന്ന് എഎം ആരിഫ് എംപി. വിദ്യാര്‍ഥികളെ ക്രൂരമായി തല്ലി ചതച്ച പോലിസുകാര്‍ക്കെതിരേ നടപടി എടുക്കാനും കാംപസില്‍ കര്‍ഫ്യു പ്രഖാപിച്ച് രമ്യമായി പരിഹരിക്കാന്‍ കഴിയുമായിരുന്ന വിഷയത്തെ ഈ നിലയില്‍ കൊണ്ടെത്തിച്ച വൈസ് ചാന്‍സലറിനെ പുറത്താക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ഥി സമരത്തെ അധിക്ഷേപിച്ച കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിന്റെ നടപടി ശരിയായില്ല. ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവിനെതിരേ ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ എബിവിപി നടത്തിയ യുജിസി മാര്‍ച്ചില്‍ പോലിസ് കാഴ്ചക്കാരായി നില്‍ക്കുകയും ഇതേ ആവശ്യം ഉന്നയിച്ച് ജെഎന്‍യുവില്‍ വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിനികളെയും, അന്ധനും അറിയപ്പെടുന്ന എഴുത്തുകാരനും കവിയുമായ ശശിഭൂഷണിനെയും മര്‍ദ്ദിച്ച പോലിസിന്റെ നടപടി രാഷ്ട്രിയ ഉദ്ദേശത്തോടു കൂടിയുള്ളതാണെന്നും ആരിഫ് പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടി വേണമെന്ന് എംപി ആവശ്യപ്പെട്ടു.

Tags: