ബിഹാറില്‍ വോട്ട് കൃത്രിമ ആരോപണം; കേന്ദ്രമന്ത്രി ജിതിന്‍ റാം മാഞ്ചിക്കെതിരേ വീഡിയോ തെളിവുമായി ആര്‍ജെഡി

Update: 2025-12-20 06:30 GMT

പട്‌ന: കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി തിരഞ്ഞെടുപ്പില്‍ വിജയിച്ചത് കൃത്രിമം കാണിച്ചാണെന്ന ആരോപണവുമായി ആര്‍ജെഡി. 2020ലെ തിരഞ്ഞെടുപ്പില്‍ അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ശ്രമഫലമായി താന്‍ വിജയിച്ചുവെന്ന് ജിതിന്‍ റാം മാഞ്ചി സമ്മതിച്ചതായി പറയപ്പെടുന്ന ഒരു വീഡിയോ പങ്കുവെച്ചാണ് ആര്‍ജെഡിയുടെ ആരോപണം. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി സമ്മതിച്ചതായി പറയപ്പെടുന്ന ഒരു വീഡിയോ അദ്ദേഹം പങ്കുവച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ വീഡിയോയില്‍ കൃത്രിമം കാണിച്ചതായി അവകാശപ്പെട്ടു കൊണ്ട് ആരോപണങ്ങള്‍ നിഷേധിച്ച് മാഞ്ചി രംഗത്ത് വന്നിട്ടുണ്ട്.

2020 ല്‍ ഗയയിലെ തിക്രി സീറ്റില്‍ 2,700 വോട്ടുകള്‍ക്ക് പിന്നിലായെന്നും എന്നാല്‍ ഇപ്പോള്‍ ത്രിപുരയില്‍ നിയമിതനായ അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് സിംഗിന്റെ സഹായത്തോടെയാണ് വിജയിച്ചെന്നുമാണ് മാഞ്ചി വെളിപ്പെടുത്തുന്നതായി പറയപ്പെടുന്ന വീഡിയോയിലുള്ളത്. ഇത്തവണ 1,600 വോട്ടുകള്‍ക്ക് സീറ്റ് നഷ്ടപ്പെട്ടു, എന്താണ് തെറ്റ് സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥന്‍ വിളിച്ചതായും മാഘി ഭാഷയിലുള്ള സംഭാഷണത്തിലുണ്ട്.

തെരഞ്ഞെടുപ്പ് കൃത്രിമത്വവും അഴിമതി യന്ത്രങ്ങളുമാണ് കേന്ദ്രമന്ത്രി തുറന്നുകാട്ടിയതെന്ന് മാഞ്ചിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ലക്ഷ്യം വെച്ച് ആര്‍ജെഡി ആരോപിച്ചു. ആരോപണ വിധേയനായ അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റ് ത്രിപുര കേഡറില്‍ നിന്നുള്ള അഴിമതിക്കാരനായ, ജാതിവാദിയായ, അനര്‍ഹനായ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം ബിഹാറില്‍ ഡെപ്യൂട്ടേഷനില്‍ നിയമിതനായതാണെന്നും ആര്‍ജെഡി ചൂണ്ടിക്കാണിച്ചു. 'അഴിമതിക്കാരായ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും തിരഞ്ഞെടുപ്പ് കമ്മീഷനും ഇപ്പോള്‍ എവിടെയാണ്? ഇതാണോ ജനാധിപത്യം? അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഇരുണ്ട പ്രവൃത്തികളുടെ സഹായത്തോടെ നിങ്ങള്‍ എത്രകാലം വ്യാജ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചുകൊണ്ടേയിരിക്കും എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന ചോദ്യം.