സമസ്ത നൂറാം വാര്‍ഷികം; നിരവധി കര്‍മ പദ്ധതികള്‍ പ്രഖ്യാപിച്ചു

Update: 2024-01-28 16:38 GMT

ബെംഗളൂരു: സമസ്ത നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് വിപുലമായ തുടക്കം. ഉദ്ഘാടന സമ്മേളനത്തില്‍ ആറ് കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ചു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. സമസ്ത കേന്ദ്ര മുശാവറ യോഗത്തില്‍ തീരുമാനിച്ച ആറ് പദ്ധതികളാണ് തങ്ങള്‍ പ്രഖ്യാപിച്ചത്.

പരിശുദ്ധ അഹ്ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ദേശീയ അന്തര്‍ദേശീയ തലത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കല്‍. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഏകോപിപ്പിക്കുന്നതിന് അന്തര്‍ദേശീയ തലത്തില്‍ കോ ഓഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കല്‍. ബെംഗളൂരു കേന്ദ്രമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കല്‍. സമസ്തയുടെ നിലവിലുള്ള വിദ്യാഭ്യാസ സംവിധാനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കല്‍. സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കല്‍. അഹ്ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്ക് വിധേയമായി പ്രബോധന രംഗത്ത് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍. എന്നീ കര്‍മപദ്ധതികളാണ് ബെംഗളൂരു പാലസ് മൈതാനിയിലെ നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തില്‍ ജിഫ്രി തങ്ങള്‍ പ്രഖ്യാപിച്ചത്.