കടലാവകാശ നിയമം നടപ്പാക്കണം: എ കെ ആന്റണി

ഫിഷറീസ് കോ-ഓഡിനേഷന്‍ കമ്മിറ്റി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2019-12-12 13:21 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ദേശീയ സമുദ്രമല്‍സ്യബന്ധന നിയന്ത്രണബില്‍ മല്‍സ്യത്തൊഴിലാളികള്‍ക്കെതിരാണെന്നും തീരദേശ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും മുന്‍ കേന്ദ്രമന്ത്രി എ കെ ആന്റണി. ഫിഷറീസ് കോ-ഓഡിനേഷന്‍ കമ്മിറ്റി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരിതമനുഭവിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്നതിന് പകരം അവരുടെ മേല്‍ പുതിയ സെസ്സ് ചുമത്താനാണ് കേന്ദ്രം മുതിര്‍ന്നിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇത്തരം നടപടികളിലൂടെ രാജ്യത്തെ അടിസ്ഥാനവര്‍ഗത്തെ അസ്ഥിരപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മല്‍സ്യബന്ധനാവകാശം മല്‍സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി നിജപ്പെടുത്തുന്ന കടലാവകാശനിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട ബില്ലിനെതിരേ മല്‍സ്യത്തൊഴിലാളികള്‍ നടത്തുന്ന രാജ്യവ്യാപകപ്രക്ഷോഭങ്ങളുടെ തുടക്കമാണ് ഈ പാര്‍ലമെന്റ് മാര്‍ച്ച്. കടലും തീരവും മല്‍സ്യത്തൊഴിലാളികളില്‍നിന്ന് പിടിച്ചുവാങ്ങി കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഇത് അനുവദിക്കില്ലെന്നും മാര്‍ച്ച് പ്രഖ്യാപിച്ചു. ഈ നിയമനിര്‍മാണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ നിരുപാധികം പിന്‍മാറണമെന്ന് മാര്‍ച്ചിനെ തുടര്‍ന്ന് ജന്തര്‍മന്ദറില്‍ സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്ത എംപിമാര്‍ അഭിപ്രായപ്പെട്ടു.

എംപിമാരായ ബിനോയ് വിശ്വം, എന്‍ കെ പ്രേമചന്ദ്രന്‍, ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, എ എം ആരിഫ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം കെ രാഘവന്‍, രമ്യ ഹരിദാസ് തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്തു. ഫിഷറീസ് കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി എന്‍ പ്രതാപന്‍ എംപി അധ്യക്ഷനായിരുന്നു.മുന്‍ ഫിഷറീസ് മന്ത്രി പ്രഫ. കെ വി തോമസ്, ജനറല്‍ കണ്‍വീനര്‍ പി പി ചിത്തരഞ്ജന്‍, ടി പീറ്റര്‍, ചാള്‍സ് ജോര്‍ജ്, ഓസ്റ്റിന്‍ ഗോമസ്, ടി മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നും ഈ വിഷയത്തെ മുന്‍നിര്‍ത്തി ദേശവ്യാപക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് കോ-ഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. 

Tags:    

Similar News