മുംബൈ: എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അനന്തരവന്‍ രോഹിത് പവാര്‍. അജിത് പവാര്‍ നേരത്തെ പൂനെയിലേക്ക് തിരിക്കാന്‍ ഇരുന്നതാണെന്നും ഒരു പ്രമുഖ നേതാവ് യാത്ര വൈകിപ്പിക്കുകയായിരുന്നു എന്നുമാണ് രോഹിത് പറയുന്നത്. ബാരാമതിയിലേത് അപകടമാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആണോ എന്ന സംശയം എല്ലാവരിലും ഉണ്ടെന്ന് രോഹിത് പവാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജനുവരി 28ന് പുനെയ്ക്ക് സമീപം ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാര്‍ കൊല്ലപ്പെട്ടത്. ലാന്‍ഡിങ്ങിനിടെ ചെറുവിമാനം തകര്‍ന്നു വീണ് തീപിടിക്കുകയായിരുന്നു. 2 പൈലറ്റുമാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന മറ്റ് 4 പേരും കൊല്ലപ്പെട്ടിരുന്നു.
ജനുവരി 27 വൈകുന്നേരം മുംബൈയില്‍ നിന്ന് പുണെയിലേക്ക് തിരിക്കാനായിരുന്നു അജിത് പവാര്‍ തീരുമാനിച്ചിരുന്നത്. അദ്ദേഹത്തിന്റെ വാഹനവ്യൂഹം തയ്യാറായിരുന്നു. ഒരു പ്രമുഖ നേതാവ് കാണാന്‍ വന്നതോടെയാണ് യാത്ര വൈകിയതെന്ന് രോഹിത് പറഞ്ഞു. തുടര്‍ന്നാണ് 28-ാം തിയ്യതി രാവിലെ യാത്ര ചെയ്യാന്‍ തീരുമാനിച്ചത്. വിമാനയാത്രകളില്‍ അജിത് പവാര്‍ വളരെ ജാഗ്രത പുലര്‍ത്താറുണ്ട്. അദ്ദേഹം ഒരിക്കലും അപകടസാധ്യതയുള്ള തീരുമാനങ്ങള്‍ എടുക്കാറില്ല. കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വൈകിയാണ് അവിടെ നിന്ന് പുറപ്പെട്ടത്. അപകടം നടക്കുന്നതിനു തൊട്ടു മുന്‍പ് ട്രാന്‍സ്‌പോണ്ടര്‍ ഓഫായി. പൈലറ്റാണോ ഇത് ചെയ്തതെന്നു പരിശോധിക്കണം. സഹ പൈലറ്റ് 'മെയ് ഡേ' സന്ദേശം അയച്ചില്ല. - അദ്ദേഹം പറഞ്ഞു.
വിമാനത്തില്‍ അധിക ഇന്ധന ടാങ്കുകള്‍ കരുതിയിരുന്നോ എന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്തണമെന്നും രോഹിത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അത്തരത്തില്‍ അധിക ഇന്ധന ടാങ്കുകള്‍ കരുതുന്നത് നിയമവിരുദ്ധം മാത്രമല്ല, ബോംബ് പോലെ അപകടകരവുമാണ്. ഇന്ധനം ലാഭിക്കാന്‍ പൈലറ്റിന് നിര്‍ദേശം നല്‍കിയിരുന്നോ?, ലാന്‍ഡിങിന് മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ലേ? -തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണം.- രോഹിത് പവാര്‍ കൂട്ടിച്ചേര്‍ത്തു. ഡിജിസിഎയുടെ അന്വേഷണത്തില്‍ പൂര്‍ണവിശ്വാസമുണ്ടെങ്കിലും ആവശ്യമെങ്കില്‍ വിദേശ വ്യോമയാന ഏജന്‍സികളെയും സഹകരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

