'അസമിനെ ഇസ്‌ലാമിക രാഷ്ട്രമാക്കി മാറ്റുമെന്ന്'; കൃത്രിമ വീഡിയോ പ്രചരിപ്പിച്ച സംഘപരിവാറിനെതിരേ എഐയുഡിഎഫ് പ്രസിഡന്റ് നിയമനടപടിക്ക്

അസമിനെ ഇസ്‌ലാമിക രാഷ്ട്രമാക്കി മാറ്റുമെന്ന് ബദറുദ്ദീന്‍ അജ്മല്‍ അവകാശപ്പെടുന്നതായുള്ള വ്യാജവീഡിയോയാണ് സംഘപരിവാര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഹിന്ദുത്വ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍, ബിജെപിയെ പിന്തുണയ്ക്കുന്നവര്‍, ബിജെപി അനുകൂല ചായ്‌വുകള്‍ പേരുകേട്ട ടിവി അവതാരകര്‍ എന്നിവരാണ് ആസൂത്രിതമായി കൃത്രിമ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചത്.

Update: 2021-03-12 07:07 GMT

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ അസമിനെ 'ഇസ്‌ലാമിക രാഷ്ട്രമാക്കി' മാറ്റുമെന്ന തരത്തില്‍ കൃത്രിമം നടത്തിയ വീഡിയോ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്കെതിരേ ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) പ്രസിഡന്റ് ബദറുദ്ദീന്‍ അജ്മല്‍ നിയമനടപടിക്കൊരുങ്ങുന്നു. അസമിനെ ഇസ്‌ലാമിക രാഷ്ട്രമാക്കി മാറ്റുമെന്ന് ബദറുദ്ദീന്‍ അജ്മല്‍ അവകാശപ്പെടുന്നതായുള്ള വ്യാജവീഡിയോയാണ് സംഘപരിവാര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഹിന്ദുത്വ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍, ബിജെപിയെ പിന്തുണയ്ക്കുന്നവര്‍, ബിജെപി അനുകൂല ചായ്‌വുകള്‍ പേരുകേട്ട ടിവി അവതാരകര്‍ എന്നിവരാണ് ആസൂത്രിതമായി കൃത്രിമ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചത്.

ബദറുദ്ദീന്‍ അജ്മലിനെയും പാര്‍ട്ടിയെയും പൈശാചികവല്‍ക്കരിക്കാനും ബിജെപിയുടെ പിന്തുണ വര്‍ധിപ്പിക്കാനും ഉദ്ദേശിച്ചാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ കൃത്രമം നടത്തി പോസ്റ്റ് ചെയ്തതെന്ന് എഐയുഡിഎഫ് ആരോപിക്കുന്നു. 2019 മുതല്‍ യൂ ട്യൂബില്‍ ലഭ്യമായ വീഡിയോയിലാണ് കൃത്രിമം കാണിച്ചിരിക്കുന്നത്. പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ബദറുദ്ദീന്‍ അജ്മല്‍ നടത്തിയ പ്രസംഗത്തിലാണ് സംഘപരിവാറിന് താല്‍പര്യമുള്ള വിവാദഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. 2019ല്‍ ബദറുദ്ദീന്‍ അജ്മല്‍ നടത്തിയ പ്രസംഗത്തില്‍ പറയുന്നത് ഇങ്ങനെയാണ്- 'മുഗളന്‍മാര്‍ 800 വര്‍ഷം ഭാരതം ഭരിച്ചിരുന്നു. അതിനെ ഒരു ഇസ്‌ലാമിക രാഷ്ട്രമാക്കുമെന്ന് അന്നൊന്നും സ്വപ്‌നം കണ്ടിട്ടില്ല. അത് അവരുടെ സ്വപ്‌നമായിരുന്നെങ്കില്‍, ഒരുപക്ഷേ ഈ രാജ്യത്ത് ഒരു വ്യക്തി പോലും ഹിന്ദുവായി തുടരില്ലായിരുന്നു.

എല്ലാവരും ഒരു മുസ്‌ലിമായി മാറുമായിരുന്നു. അവര്‍ ചെയ്‌തോ? ഇല്ല. ബ്രിട്ടീഷുകാരും നെഹ്‌റു മുതല്‍ രാജീവ് ഗാന്ധി, മന്‍മോന്‍ഹന്‍ സിങ് വരെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്ന് സ്വപ്‌നം കണ്ടിട്ടില്ല. 'മോദിജി ദയവായി അത്തരമൊരു സ്വപ്‌നം കാണരുത്. നിങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടില്ല'. സംഘപരിവാറിന്റെ വലതുപക്ഷ ലീഗല്‍ ആക്ടിവിസം ഗ്രൂപ്പായ ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി (എല്‍ആര്‍ഒ) ആണ് കൃത്രിമം നടത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതിന് പുറമേ, മുതിര്‍ന്ന ടിവി അവതാരകരായ അര്‍ച്ചന സിങ്, ഡിഡി ന്യൂസ് കണ്‍സള്‍ട്ടിങ് എഡിറ്റര്‍ അശോക് ശ്രീവാസ്തവ്, എബിപി ന്യൂസ് അവതാരകന്‍ അസ്ത കൗശിക്, ന്യൂസ് നാഷനല്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ദീപക് ചൗരാസിയ, ഗുവാഹത്തി ആസ്ഥാനമായുള്ള ന്യൂസ് ലൈവിന്റെ ചെയര്‍മാനും എംഡിയുമായ റിനികി ഭൂയാന്‍ ശര്‍മ, ബിജെപി എംഎല്‍എ ഹിമാന്ത ബിശ്വ ശര്‍മയുടെ ഭാര്യ എന്നിവരും തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കി അജ്മലിനെതിരേ ട്വീറ്റുകളും പ്രചാരണങ്ങളും നടത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ ആള്‍ട്ട് ന്യൂസ് അന്വേഷണം നടത്തുകയും വീഡിയോ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്ന് തന്നെയും പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്തുകയും പ്രശസ്തിയെ തകര്‍ക്കുന്നതിന് തെറ്റായ പ്രചാരണം നടത്തുകയും ചെയ്ത ഹിന്ദുത്വഗ്രൂപ്പുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അജ്മല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ ഭരണകക്ഷിയായ ബിജെപി തനിക്കെതിരേ നടത്തിയ ആക്രമണമാണിത്. തന്റെ പ്രവര്‍ത്തനത്തില്‍ അവര്‍ക്ക് പോരായ്മയായി ഒന്നും കാണിക്കാനില്ല. എഐയുഡിഎഫ്- കോണ്‍ഗ്രസ് സഖ്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ ബദറുദ്ദീന്‍ അജ്മല്‍ വ്യക്തമാക്കി.

Tags: