ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം: ഓഫിസുകളില്‍ പകുതി ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം'
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തില്‍ തലസ്ഥാന നഗരിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (GRAP) നാലാം ഘട്ടം പ്രഖ്യാപിച്ചതോടെയാണ് ഡല്‍ഹി സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് കടന്നത്. പൊതുജനാരോഗ്യത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച ഈ പുതിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 18 മുതല്‍ പ്രാബല്യത്തില്‍ വരും.
പുതിയ ഉത്തരവനുസരിച്ച്, ഡല്‍ഹിയിലെ സ്വകാര്യ-സര്‍ക്കാര്‍ ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ആകെ ജീവനക്കാരുടെ 50 ശതമാനം പേര്‍ക്ക് മാത്രമാണ് നേരിട്ട് ഹാജരാകാന്‍ അനുമതിയുള്ളത്. ശേഷിക്കുന്ന ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള (വര്‍ക്ക് ഫ്രം ഹോം) സൗകര്യം ഒരുക്കാന്‍ തൊഴില്‍ വകുപ്പ് സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എങ്കിലും, ജയിലുകള്‍, ആരോഗ്യ സേവനങ്ങള്‍, പൊതുഗതാഗതം, വൈദ്യുതി വിതരണം തുടങ്ങിയ സുപ്രധാന അവശ്യ സര്‍വീസുകളെ ഈ ഹാജര്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വായു മലിനീകരണ നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. GRAP സ്റ്റേജ് 3 നിലനിന്നിരുന്ന 16 ദിവസത്തെ കാലയളവില്‍ ജോലി നഷ്ടപ്പെട്ട രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് 10,000 രൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന് തൊഴില്‍ വകുപ്പ് അറിയിച്ചു.
കൂടാതെ, കൂടുതല്‍ തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതിനായി രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ വീണ്ടും തുറന്നതായും അധികൃതര്‍ വ്യക്തമാക്കി. നിലവിലെ GRAP സ്റ്റേജ് 4 മായി ബന്ധപ്പെട്ട നഷ്ടപരിഹാരം, നിയന്ത്രണങ്ങള്‍ നീക്കിയ ശേഷം കണക്കാക്കി വിതരണം ചെയ്യും.
സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കിടയിലും ഡല്‍ഹിയിലെ അന്തരീക്ഷം അതീവ മോശം അവസ്ഥയില്‍ തന്നെയാണ്. ബുധനാഴ്ച രാവിലെ വായു ഗുണനിലവാര സൂചികയില്‍ (AQI) നേരിയ പുരോഗതിയുണ്ടായെങ്കിലും, 328 എന്ന നിലയില്‍ അത് ഇപ്പോഴും 'അതിരൂക്ഷം' (Severe) എന്ന വിഭാഗത്തിലാണ് തുടരുന്നത്. മലിനീകരണത്തിന്റെ ഫലമായി നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത പുകമഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്. ഇത് കാഴ്ചപരിധി കുത്തനെ കുറയ്ക്കുകയും ഗതാഗതത്തെ കാര്യമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍, പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

