പാരീസിലേക്കുള്ള വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ; രണ്ട് ദിവസമായി തകരാര്‍ ബാധിച്ചത് ആറ് സര്‍വീസുകളെ

Update: 2025-06-17 16:40 GMT
പാരീസിലേക്കുള്ള വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ; രണ്ട് ദിവസമായി തകരാര്‍ ബാധിച്ചത് ആറ് സര്‍വീസുകളെ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കേണ്ട വിമാന സര്‍വീസ് എയര്‍ ഇന്ത്യ അവസാന നിമിഷണം റദ്ദാക്കി. ദില്ലി - പാരീസ് എഐ 143 വിമാനമാണ് റദ്ദാക്കിയത്. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്നതിനു മുന്‍പുള്ള പരിശോധനയില്‍ വിമാനത്തില്‍ തകരാര്‍ കണ്ടെത്തിയതാണ് വിമാന സര്‍വീസ് റദ്ദാക്കാന്‍ കാരണമെന്നാണ് വിശദീകരണം. ഈ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വിമാനക്കമ്പനി തുടങ്ങി.

ബുദ്ധിമുട്ട് നേരിട്ട യാത്രക്കാര്‍ക്ക് ഡല്‍ഹിയില്‍ തന്നെ ഹോട്ടലില്‍ താമസ സൗകര്യം ഏര്‍പ്പാടാക്കി. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഈ സര്‍വീസ് റദ്ദാക്കിയതോടെ പാരീസില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 142 വിമാനവും റദ്ദാക്കപ്പെട്ടു. അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട ബോയിങ് ഡ്രീം ലൈനര്‍ ശ്രേണിയിലുള്ള വിമാനം തന്നെയാണ് ഇന്ന് പാരീസിലേക്ക് പറക്കേണ്ടിയിരുന്നത്. വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍വീസ് റദ്ദാക്കിയത്.

എയര്‍ ഇന്ത്യ വിമാനങ്ങളിലെ സാങ്കേതിക തകരാര്‍ തുടരുകയാണ്. ഇന്നും ഇന്നലെയുമായി ആറ് വിമാന സര്‍വീസുകളെയാണ് തകരാര്‍ ബാധിച്ചത്. ഇന്നലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും കൊല്‍ക്കത്ത വഴി മുംബൈക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം രാത്രി 12.45 ന് കൊല്‍ക്കത്തയില്‍ ഇറങ്ങുമ്പോഴാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. പിന്നാലെ യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറക്കി. വിമാനത്തില്‍ പരിശോധന നടപടികള്‍ ഇപ്പോഴും തുടരുകയാണ്. ബുദ്ധിമുട്ടിലായ യാത്രക്കാര്‍ പ്രതിഷേധിച്ചു.

ഇന്നലെ എയര്‍ ഇന്ത്യയുടെ ഹോങ്കോങ് - ദില്ലി, ദില്ലി - റാഞ്ചി, ചെന്നൈ - ലണ്ടന്‍ വിമാനങ്ങളാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്രാമധ്യേ അടിയന്തിരമായി ഇറക്കിയത്. അതിനിടെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതരുമായി ഡിജിസിഎ ഇന്ന് കൂടികാഴ്ച നടത്തും. ഓണ്‍ലൈനിലാണ് കൂടികാഴ്ച. അഹമ്മദാബാദ് വിമാനപകടത്തിലെ അന്വേഷണ നടപടികളും, എയര്‍ ഇന്ത്യ വിമാന സര്‍വീസുകളിലെ സാങ്കേതിക തകരാറുകളും കൂടികാഴ്ചയില്‍ ചര്‍ച്ചയായേക്കും.




Similar News