ഓക്സിജന്‍ ക്ഷാമം ഡല്‍ഹി സര്‍ക്കാര്‍ പെരുപ്പിച്ച് കാട്ടിയില്ല: എയിംസ് ചീഫ് രണ്‍ദീപ് ഗുലേറിയ
ഓക്സിജന്‍ ഓഡിറ്റ് കമ്മിറ്റിയുടെ റിപോര്‍ട്ടിനെ ചൊല്ലി ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ പോര് തുടരുന്നതിനിടെയാണ് ഉപസമിതിക്ക് നേതൃത്വം നല്‍കിയ ഗുലേറിയയുടെ പരാമര്‍ശം.
ന്യൂഡൽഹി: ഓക്സിജന്‍ ക്ഷാമം ഡല്‍ഹി സര്‍ക്കാര്‍ പെരുപ്പിച്ച് കാട്ടിയെന്ന് പറയാനാകില്ലെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ചീഫ് ഡോ. രണ്‍ദീപ് ഗുലേറിയ. രാജ്യത്ത് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ ഓക്സിജന്‍ ക്ഷാമമുള്ളതായി നേരത്തെ ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ആവശ്യം പെരുപ്പിച്ച് കാട്ടിയതാണെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓക്സിജന്‍ ഓഡിറ്റ് കമ്മിറ്റിയുടെ റിപോര്‍ട്ടിനെ ചൊല്ലി ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ പോര് തുടരുന്നതിനിടെയാണ് ഉപസമിതിക്ക് നേതൃത്വം നല്‍കിയ ഗുലേറിയയുടെ പരാമര്‍ശം. എഎപി ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമം പെരുപ്പിച്ച് കാണിക്കുകയായിരുന്നു എന്ന് ബിജെപി ആരോപിച്ചപ്പോള്‍ വ്യാജരേഖയാണ് ബിജെപി പ്രചരിപ്പിക്കുന്നതെന്നായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ മറുപടി.
സുപ്രിംകോടതി രൂപീകരിച്ച നാഷണല്‍ ടാസ്ക് ഫോഴ്സിന്റെ പ്രത്യേക ഉപസമിതിയുടെ റിപോര്‍ട്ടാണ് രാഷ്ട്രീയ പോരിന് ഉപകരണമായിരിക്കുന്നത്. സമര്‍പ്പിച്ചത് ഇടക്കാല റിപോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപോര്‍ട്ടിനുവേണ്ടി കാത്തിരിക്കേണ്ടതുണ്ടെന്നും ഗുലേറിയ കൂട്ടിച്ചേര്‍ത്തു.