പാര്‍ട്ടി വക്താവ് ഉള്‍പ്പെടെ ശശികല അനുകൂലികളായ 17 നേതാക്കളെ അണ്ണാ ഡിഎംകെ പുറത്താക്കി

Update: 2021-06-15 04:37 GMT

ചെന്നൈ: പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ വി കെ ശശികലയുമായി അടുപ്പം പുലര്‍ത്തുന്ന നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടിയുമായി അണ്ണാ ഡിഎംകെ രംഗത്ത്. പാര്‍ട്ടി വക്താവ് വി പുകഴേന്തി അടക്കം 17 ശശികല അനുകൂലികളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ശശികലയ്ക്കുവേണ്ടി ശബ്ദിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി യോഗം ഏകകണ്ഠമായി പ്രമേയം പാസാക്കി. ശശികലയുമായി ആശയവിനിമയം നടത്തിയാല്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നേതൃത്വം മുന്നറിയിപ്പ് നല്‍കി.

നടപടി നേരിട്ട ഭൂരിഭാഗം നേതാക്കളും മുന്‍ ഇടക്കാല ജനറല്‍ സെക്രട്ടറി ശശികലയുമായി സംസാരിച്ചെന്നാണ് ആരോപണം. മുന്‍ ഉപമുഖ്യമന്ത്രിയും പാര്‍ട്ടി കോ-ഓഡിനേറ്ററുമായ ഒ പനീര്‍ശെല്‍വത്തെ നിയമസഭാ കക്ഷി ഉപനേതാവായി തിരഞ്ഞെടുത്തു. പാര്‍ട്ടി കോ-ഓഡിനേറ്ററും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമിയെ പ്രതിപക്ഷ നേതാവായി ജൂണ്‍ 10 ന് തിരഞ്ഞെടുത്തിരുന്നു. ഉടന്‍ പാര്‍ട്ടിയിലേക്കു തിരിച്ചുവരുമെന്നു പറഞ്ഞ് ശശികല പ്രവര്‍ത്തകരുമായി നടത്തിയ ഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ ഇതേപ്പറ്റി വിശദമായി ചര്‍ച്ച ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണെന്നു പ്രഖ്യാപിച്ച ശശികല, പാര്‍ട്ടിയുടെ വളര്‍ച്ച കണ്ടാണു മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നതെന്ന് യോഗം വിലയിരുത്തി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും തീരുമാനിച്ചു. പാര്‍ട്ടി അംഗങ്ങളുമായുള്ള ശശികലയുടെ ടെലിഫോണ്‍ സംഭാഷണം 'നാടകം' ആണെന്ന് എഐഎഡിഎംകെ നേതാക്കള്‍ പറഞ്ഞു.

'ഒരു കുടുംബത്തിന്റെ ആഗ്രഹങ്ങള്‍ക്കായി' പാര്‍ട്ടിയെ ഒരിക്കലും നശിപ്പിക്കാന്‍ കഴിയില്ല. തമിഴ്‌നാട്ടില്‍ കൂടുതല്‍ കുഴപ്പമുണ്ടാവുമെന്ന് കരുതിയവരെ നിരാശപ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ ജയലളിതയുടെ ഭരണം വിജയകരമായി പൂര്‍ത്തിയാക്കി. എഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം 75 സീറ്റുകള്‍ നേടി. ഗൂഢാലോചനകളെ പരാജയപ്പെടുത്തി ജനങ്ങളുടെ പിന്തുണ നേടി- പ്രമേയം വ്യക്തമാക്കുന്നു.

Tags: