തൃണമൂലിനു പിന്നാലെ ഇന്ത്യ സഖ്യത്തില്‍ വീണ്ടും വിള്ളല്‍; എഎപി പഞ്ചാബില്‍ ഒറ്റയ്ക്ക് മത്സരിക്കും
ഡല്‍ഹി: 'ഇന്ത്യ' സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ തുടരുന്നു. ബംഗാളില്‍ തൃണമൂലിന് സമാനമായി പഞ്ചാബിലെ മുഴുവന്‍ ലോക്‌സഭാ സീറ്റുകളിലും തങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. പഞ്ചാബിലെ ലോക്‌സഭാ സീറ്റുകളിലേക്ക് 40 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക തയ്യാറാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വ്യക്തമാക്കി.ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് നേരത്തെ മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലവില്‍ ആം ആദ്മിയും ശക്തമായ നിലപാട് സ്വീകരിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി തുടരുമെന്ന് അറിയിച്ച മമത ബംഗാളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ തന്റെ പാര്‍ട്ടിക്കാകുമെന്നും പറഞ്ഞു.
ആം ആദ്മിയുടെ പ്രഖ്യാപനത്തോട് ഇതുവരെ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. അതേസമയം, ബംഗാളില്‍ സഖ്യം തുടരുമെന്ന് മമതയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. ബി.ജെ.പിയുടെ സീറ്റുകള്‍ കുറയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ഇന്ത്യാ സഖ്യത്തിനുള്ളിലെ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യാ സഖ്യ രൂപീകരണം മുതല്‍ തന്നെ എഎപി-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ആം ആദ്മി പാര്‍ട്ടി അധികാരത്തിലുള്ള ഡല്‍ഹിയിലേയും പഞ്ചാബിലേയും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന് സഖ്യത്തില്‍ താത്പര്യമില്ല. നേരത്തെ പ്രാദേശിക നേതൃത്വങ്ങളുടെ എതിര്‍പ്പുകളെ തുടര്‍ന്ന് ഡല്‍ഹി ഓര്‍ഡിനന്‍സ് ബില്ലില്‍ അവസാന നിമിഷമാണ് കോണ്‍ഗ്രസ് നേതൃത്വം എഎപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സഖ്യത്തനുള്ളില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യങ്ങളില്‍ പുറത്തേക്കുവരുന്നത് വലിയ തിരിച്ചടിയായാണ് നേതൃത്വം കണക്കാക്കുന്നത്. ആം ആദ്മിക്കും തൃണമൂലിനും പുറമെ എസ്.പിയുമായും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.യെ വീഴ്ത്തണമെങ്കില്‍ ബി.എസ്.പി.യെയും ഒപ്പം കൂട്ടണമെന്ന കോണ്‍ഗ്രസ് നിലപാടിനോട് സമാജ്വാദി പാര്‍ട്ടിക്ക് അനുകൂല നിലപാടല്ല ഉള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ, ആകെയുള്ള 80 സീറ്റില്‍ 20 എണ്ണം നല്‍കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തിനും എസ്.പി വഴങ്ങിയില്ല.
2022-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിലാണ് സീറ്റുവിഭജനം ആലോചിക്കുന്നത്. ബി.എസ്.പിയെക്കൂടി കൂട്ടിയാല്‍ എല്ലാവരുംചേര്‍ന്ന് വോട്ടുവിഹിതം 50 ശതമാനം കടക്കും. 'ഇന്ത്യ'യിലെ മറ്റു ചെറിയ പാര്‍ട്ടികള്‍കൂടി ചേര്‍ന്നാല്‍ ബി.ജെ.പി.യെ പരാജയപ്പെടുത്താമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന വാദം.

