മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിക്കെതിരായ അഴിമതി ആരോപണം: സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Update: 2021-03-28 12:25 GMT

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരായ അഴിമതി ആരോപണം സംബന്ധിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മുന്‍ മുംബൈ പോലിസ് കമ്മീഷണര്‍ പരംബീര്‍ സിങ് തനിക്കെതിരായ അഴിമതി ആരോപണം റിട്ട. ഹൈക്കോടതി ജഡ്ജിയെ ഉപയോഗിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അനില്‍ ദേശ്മുഖ് വ്യക്തമാക്കി. കാബിനറ്റ് യോഗത്തില്‍ താന്‍ തന്നെയാണ് അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കാബിനറ്റ് തീരുമാനിക്കുകയും ചെയ്തു. എല്ലാ ആരോപണങ്ങളും അന്വേഷിക്കും. സത്യം എന്താണെങ്കിലും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ആരോപണങ്ങള്‍ നിഷേധിച്ച അനില്‍ ദേശ്മുഖ്, രാഷ്ട്രീയവിവാദത്തിന് വഴിവച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചിരുന്നു.

ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തിരുന്നു. മുംബൈയിലെ ഭക്ഷണശാലകള്‍, ബാറുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും മുകേഷ് അംബാനി കേസില്‍ സസ്‌പെന്‍ഷനിലായ മഹാരാഷ്ട്ര ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെയെ ഉപയോഗിച്ച് 100 കോടി ഭീഷണിപ്പെടുത്തി കൈക്കലാക്കാന്‍ അനില്‍ ദേശ്മുഖ് ശ്രമം നടത്തിയതായി മുംബൈ പോലിസ് കമ്മീഷണര്‍ പരംബീര്‍ സിങ് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ പറഞ്ഞിരുന്നു.

വാസെയെപ്പോലെ വിവിധ ഉദ്യോഗസ്ഥര്‍ക്ക് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയില്‍നിന്നും ഇത്തരത്തില്‍ നിര്‍ദേശമെത്തിയിട്ടുണ്ടെന്നാണ് കത്തിലെ ആരോപണം. ഒപ്പം ക്രമസമാധാന പാലനത്തില്‍ ആഭ്യന്തര മന്ത്രിയുടെ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുവെന്നും കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്നാരോപിച്ചാണ് പരംബീര്‍ സിങ്ങിനെ സ്ഥലംമാറ്റിയിരുന്നത്.

Tags:    

Similar News