പൗരത്വ ഭേദഗതി നിയമം: കേരള മാതൃകയില്‍ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി പുതുച്ചേരിയും

ഈ മാസം അവസാനത്തോടെ പ്രമേയം അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടും സംസാരിക്കുമെന്നും നാരായണസ്വാമി പിടിഐയോട് പറഞ്ഞു.

Update: 2020-01-03 01:39 GMT

ന്യൂഡല്‍ഹി: കേരളത്തിന് പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ് ഭരിക്കുന്ന പുതുച്ചേരി സര്‍ക്കാരും. കേരളം കൊണ്ടുവന്നതിനു സമാനമായ പ്രമേയമായിരിക്കും പുതുച്ചേരിയിലും അവതരിപ്പിക്കുകയെന്ന് മുഖ്യമന്ത്രി വി നാരായണസ്വാമി അറിയിച്ചു. ഈ മാസം അവസാനത്തോടെ പ്രമേയം അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടും സംസാരിക്കുമെന്നും നാരായണസ്വാമി പിടിഐയോട് പറഞ്ഞു. കഴിഞ്ഞദിവസമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരള നിയമസഭ പ്രമേയം പാസാക്കിയത്. പൗരത്വ നിയമത്തിനെതിരേ പ്രമായം പാസാക്കിയതിന്റെ പേരില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടപടിയാവശ്യപ്പെട്ട് ബിജെപി എംപി രാജ്യസഭാ ചെയര്‍മാന് കത്തയച്ചതിനെ നാരായണസ്വാമി വിമര്‍ശിച്ചു.

നിയമത്തിനെതിരേ പ്രമേയം പാസാക്കാന്‍ കേരള നിയമസഭയ്ക്ക് അധികാരമുണ്ട്. പാര്‍ലമെന്റിന്റെ തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്തതുപോലെ നിയമസഭയ്ക്കുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്നും ചോദ്യംചെയ്യാന്‍ കഴിയില്ല. ആര്‍ക്കാണ് അതിന് കഴിയുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിംകളെ അവഗണിക്കുന്ന പൗരത്വ നിയമം നടപ്പാക്കില്ലെന്ന് തുടക്കത്തില്‍തന്നെ നാരായണസാമി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സിഎഎയും എന്‍ആര്‍സിയും നടപ്പാക്കേണ്ടെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചു. പുതുച്ചേരിയിലും താന്‍ അങ്ങനെ ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

Tags:    

Similar News