ഡല്‍ഹിയില്‍ ഉപയോഗിച്ച ഭാഷയുമായി ബിഹാറിലേക്ക് വരരുത്; ബിജെപിയോട് സഖ്യകക്ഷിയായ എല്‍ജെപി

ഈവര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഇത്തരം ഭാഷ നിയന്ത്രിക്കണമെന്ന് എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടു. 'ബിഹാര്‍ തിരഞ്ഞെടുപ്പിന് എട്ടുമാസം മാത്രമാണ് ബാക്കിയുള്ളത്. പ്രദേശികവികസന വിഷയങ്ങളാണ് പ്രചാരണായുധമാക്കേണ്ടത്.

Update: 2020-02-16 13:56 GMT

ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരേ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) രംഗത്ത്. ഈവര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഇത്തരം ഭാഷ നിയന്ത്രിക്കണമെന്ന് എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടു. 'ബിഹാര്‍ തിരഞ്ഞെടുപ്പിന് എട്ടുമാസം മാത്രമാണ് ബാക്കിയുള്ളത്. പ്രദേശികവികസന വിഷയങ്ങളാണ് പ്രചാരണായുധമാക്കേണ്ടത്. ഭാഷ നിര്‍ബന്ധമായും നിയന്ത്രിക്കപ്പെടണം' പാസ്വാന്‍ പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ ആയിരുന്നു പാസ്വാന്റെ പ്രതികരണം.

പ്രതിഷേധക്കാരെ വെടിവയ്ക്കാന്‍ ആഹ്വാനം ചെയ്തതടക്കമുള്ള വിവാദപരാമര്‍ശങ്ങള്‍ തിരിച്ചടിയായെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞിരുന്നു. വിദ്വേഷപ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു. 70 അംഗ ഡല്‍ഹി നിയമസഭയില്‍ എട്ടുസീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാന്‍ സാധിച്ചിരുന്നുള്ളൂ. ബിഹാറില്‍ പ്രതിപക്ഷം മുങ്ങിപ്പോയ കപ്പലാണെന്ന് പാസ്വാന്‍ പറഞ്ഞു. എന്‍ഡിഎ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അധികാരത്തിലേറും. തങ്ങള്‍ക്ക് യാതൊരു വെല്ലുവിളികളുമില്ല. ബിഹാറിലെ പ്രതിപക്ഷത്ത് എന്താണുള്ളത്.

ലാലു പ്രസാദ് യാദവ് ജയിലിലാണ്. അദ്ദേഹത്തിന് അസുമുഖമുണ്ട്. ബാക്കി പാര്‍ട്ടികള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നു. അതുകൊണ്ട് ആരാണ് പ്രതിപക്ഷത്തിനൊപ്പം പോവുന്നത്. അത് മുങ്ങുന്ന കപ്പല്‍ പോലുമല്ല, ഇതിനകംതന്നെ ഉള്ളത് മുങ്ങിപ്പോയി. പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കമാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി, മുത്തലാഖ് നിരോധിച്ചു, രാമജന്‍മ ഭൂമി പ്രശ്‌നവും പരിഹരിച്ചു. ഇനി പ്രാദേശികപ്രശ്‌നങ്ങളായിരിക്കണം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവേണ്ടത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വോട്ടുചെയ്യാന്‍ ബിഹാറിലെ ജനങ്ങളോട് അഭ്യര്‍ഥിക്കുകയാണെന്നും രാംവിലാസ് പാസ്വാന്‍ കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News