സിഎഎയ്ക്ക് പിന്നാലെ മോദി സര്‍ക്കാര്‍ ജനസംഖ്യാ നിയന്ത്രണനിയമവും കൊണ്ടുവന്നേക്കും: കേന്ദ്ര സഹമന്ത്രി
ആര്‍ട്ടിക്കിള്‍ 370ാം വകുപ്പ് നീക്കംചെയ്യാന്‍ കഴിയുമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഏത് നിയമവും രാജ്യത്ത് കൊണ്ടുവരാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലഖ്‌നോ: പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ കേന്ദ്രം ജനസംഖ്യാ നിയന്ത്രണനിയമവും കൊണ്ടുവന്നേക്കുമെന്ന് കേന്ദ്ര സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി. ഇക്കാര്യം താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇക്കാര്യം സംസാരിച്ചതായും ജ്യോതി അവകാശപ്പെട്ടു. വിഷയം പ്രധാനമന്ത്രിയുടെ പരിഗണനയിലാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ജനസംഖ്യാ നിയന്ത്രണനിയമം കൊണ്ടുവരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹംതന്നെ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സാധ്വി നിരഞ്ജന്‍ പറഞ്ഞു.
മഥുരയിലെ ചൈതന്യ വിഹാറിലെ സ്വാമി വാംദേവ് ജ്യോതിര്‍മത്തില്‍ നടന്ന യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു നിരഞ്ജന്‍ ജ്യോതി. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് അസാധ്യമായ ഒരു കാലമുണ്ടായിരുന്നു. അത്തരമൊരു കാര്യം സംഭവിച്ചാല്‍ രക്തച്ചൊരിച്ചിലുണ്ടാവുമെന്ന് എല്ലാവരും ഭയപ്പെട്ടിരുന്നു. കശ്മീരില്‍ ആരും ദേശീയപതാക കൈവശംവയ്ക്കില്ല.
എന്നാല്‍, രാജ്യത്തിന് അനുകൂലമായി ഈ സര്‍ക്കാരിന് ഏതുനിയമവും കൊണ്ടുവരാന്‍ കഴിയുമെന്നും ജ്യോതി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370ാം വകുപ്പ് നീക്കംചെയ്യാന്‍ കഴിയുമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഏത് നിയമവും രാജ്യത്ത് കൊണ്ടുവരാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.