ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്; സംഘപരിവാർ ഭീഷണിയിൽ സിദ്ധാർത്ഥിന് പിന്തുണയുമായി പാർവതി
ബിജെപിയെ വിമർശിക്കുന്നതിന്‍റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ 500ഓളം കൊലപാതക -ബലാത്സംഗ ഭീഷണികളാണ് പ്രവർത്തകരിൽ നിന്ന് ഉണ്ടായതെന്ന് സിദ്ധാർത്ഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കോഴിക്കോട്: ബിജെപി ഐടി സെല്ലിന്‍റെ നേതൃത്വത്തിൽ വധഭീഷണി നേരിടുന്ന നടനും സംഘ്പരിവാറിന്‍റെ നിരന്തര വിമർശകനുമായ സിദ്ധാർത്ഥിനും കുടുംബത്തിനും പിന്തുണയുമായി നടി പാർവതി തിരുവോത്ത്. 'സിദ്ധാർഥിനൊപ്പം. ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്നേഹവും' -പാർവതി ട്വീറ്റ് ചെയ്തു.
ബിജെപിയെ വിമർശിക്കുന്നതിന്‍റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ 500ഓളം കൊലപാതക -ബലാത്സംഗ ഭീഷണികളാണ് പ്രവർത്തകരിൽ നിന്ന് ഉണ്ടായതെന്ന് സിദ്ധാർത്ഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.
'എന്‍റെ ഫോൺനമ്പർ തമിഴ്നാട് ബിജെപിയും ബിജെപി ഐടി സെല്ലും ചോർത്തി. 24 മണിക്കൂറിനിടെ 500ൽ അധികം കൊലപാതക- ബലാത്സംഗ ഭീഷണി സന്ദേശങ്ങളാണ് തനിക്കും തന്‍റെ കുടുംബത്തിനും ലഭിച്ചത്. എല്ലാ നമ്പറുകളും (ബിജെപി ബന്ധമുള്ളവയാണ്) പോലിസിന് കൈമാറി.
ഞാൻ നിശബ്ദനാകില്ല. ശ്രമിച്ചുകൊണ്ടിരിക്കൂ' -പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ടാഗ് ചെയ്ത് സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു.