കോടതിയോട് വിഷം നല്‍കാന്‍ ആവശ്യപ്പെട്ട് നടന്‍ ദര്‍ശന്‍; സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളില്‍ ഫംഗസെന്നും താരം

Update: 2025-09-09 16:24 GMT

ബെംഗളൂരു: കോടതിയോട് വിഷം നല്‍കാന്‍ ആവശ്യപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട കന്നഡ നടന്‍ ദര്‍ശന്‍. സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി എന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. രേണുകാസ്വാമി കൊലപാതകക്കേസിലെ വാദം കേള്‍ക്കുന്നതിനിടെ വിഡിയോ കോണ്‍ഫറന്‍സിങ് വഴി സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ ഹാജരായ ദര്‍ശന്‍ തന്റെ കൈകളില്‍ ഫംഗസ് ബാധിച്ചതായും പറഞ്ഞു.

തന്റെ വസ്ത്രങ്ങളില്‍ ദുര്‍ഗന്ധം വമിക്കുന്നുണ്ട്. ജയിലില്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ് നേരിടുന്നത് എന്നും ദര്‍ശന്‍ പറഞ്ഞു. കുറ്റപത്രം സമര്‍പ്പിക്കുന്നതിനായി കോടതി കേസ് സെപ്റ്റംബര്‍ 19 ലേക്ക് മാറ്റി. കര്‍ണാടക ഹൈക്കോടതി നടനു നല്‍കിയ ജാമ്യം സുപ്രിം കോടതി കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. ദര്‍ശനുമായി അടുപ്പമുണ്ടായിരുന്ന നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരില്‍ ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിലാണ് ദര്‍ശന്‍ അറസ്റ്റിലായത്.

തുടര്‍ന്ന് 2024 ഒക്ടോബര്‍ 30ന് കര്‍ണാടക ഹൈക്കോടതി ദര്‍ശനു ജാമ്യം അനുവദിക്കുകയായിരുന്നു. കാലിനു ശസ്ത്രക്രിയ നടത്താനായിരുന്നു ജാമ്യം. ദര്‍ശന് ബെംഗളൂരു ജയിലില്‍ വിഐപി പരിഗണന നല്‍കുന്നത് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഗുണ്ടകള്‍ക്കൊപ്പം പുറത്തെ കസേരയിലിരുന്ന് കയ്യില്‍ സിഗരറ്റുമായി കാപ്പി കുടിച്ചു വിശ്രമിക്കുന്ന ദര്‍ശന്റെ ചിത്രങ്ങളാണ് പുറത്തായത്.





Tags: