ക്ലാസില്‍ ബഹളമുണ്ടാക്കിയ മുസ്‌ലിം വിദ്യാര്‍ഥികളോട് 'പാകിസ്ഥാനിലേക്ക് പോകാന്‍' പറഞ്ഞ അധ്യാപികയ്ക്കെതിരെ നടപടി

Update: 2023-09-03 10:37 GMT

കര്‍ണാടകയിലെ ശിവമോഗയില്‍ മുസ്‌ലിം മത വിശ്വാസികളായ രണ്ട് വിദ്യാര്‍ഥികളോട് 'പാകിസ്ഥാനിലേക്ക് പോകൂ' എന്ന പറഞ്ഞ അധ്യാപികയെ സ്ഥലംമാറ്റി. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തി കൂടുതല്‍ നടപടി സ്വീകരിക്കാന്‍ കര്‍ണാടക വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് നിര്‍ദേശം നല്‍കി.ശിവമോഗയിലെ ടിപ്പു നഗറില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിലെ മഞ്ജുള ദേവി എന്ന അധ്യാപികക്കെതിരെയാണ് നടപടി. അഞ്ചാം ക്ലാസുകാരായ രണ്ട് മുസ്‌ലിം വിദ്യാര്‍ഥികള്‍ ക്ലാസില്‍ ബഹളം വെയ്ക്കുകയും അച്ചടക്കം ലംഘിച്ചെന്നും ആരോപിച്ച് 'ഇത് നിങ്ങളുടെ രാജ്യമല്ല, പാകിസ്ഥാനില്‍ പോകൂ' എന്ന് അധ്യാപിക വിദ്യാര്‍ത്ഥികളോട് പറഞ്ഞെന്നാണ് പരാതി. ശിവമോഗയിലെ ജെഡിഎസ് നേതാവ് നസ്‌റുല്ലയാണ് സംഭവത്തില്‍ പരാതി നല്‍കിയത്.

വകുപ്പുതല അന്വേഷണത്തിന് വിധേയായതിനെ തുടര്‍ന്നാണ് അധ്യാപികയെ സ്ഥലം മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (ശിവമോഗ) പരമേശ്വരപ്പ പറഞ്ഞു. ''ഞങ്ങള്‍ക്ക് വ്യാഴാഴ്ചയാണ് പരാതി ലഭിച്ചത്. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിച്ചത്- എന്ന് അദ്ദേഹം വ്യക്തമാക്കി. '' ക്ലാസ്സില്‍ അനിയന്ത്രിതമായി പെരുമാറുകയും തന്നോട് ബഹുമാനം കാണിക്കാതിരിക്കുകയും ചെയ്തതിനാല്‍ വിദ്യാര്‍ത്ഥികളെ ശാസിക്കുകയായിരുന്നെന്ന് അധ്യാപിക പ്രാഥമിക അന്വേഷണത്തില്‍ പറഞ്ഞതായി'' പരമേശ്വരപ്പ പറഞ്ഞു.രണ്ട് വിദ്യാര്‍ത്ഥികളെ ശകാരിച്ചപ്പോള്‍ ഇന്ത്യ നിങ്ങളുടെ രാജ്യമല്ലെന്നും ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്നും നിങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നും അധ്യാപിക പറഞ്ഞതായി നസ്റുല്ല തന്റെ പരാതിയില്‍ ആരോപിച്ചു. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ സംഭവം മാതാപിതാക്കളെ അറിയിക്കുകയും അവര്‍ പ്രാദേശിക നേതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.