അഹമ്മദാബാദ്: സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി റോഡില്‍ ബൈക്കുമായി നടത്തിയ അഭ്യാസപ്രകടനത്തിന് താരങ്ങള്‍ക്കെതിരെ കേസെടുത്ത് പോലിസ്. നടന്‍ ടിക്കൂ തല്‍സാനിയ, നടി മാനസി പരേഖ് എന്നിവര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. അഹമ്മദാബാദിലെ സയന്‍സ് സിറ്റി റോഡില്‍ വച്ചായിരുന്നു ഇവര്‍ അഭ്യാസ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഉടന്‍ റിലീസ് ചെയ്യാനിരുന്ന ഗുജറാത്തി സിനിമ 'മിസ്രി'യുടെ പ്രചാരണത്തിനിടെയാണ് പൊതു നിരത്തില്‍ അപകടകരമായ രീതിയില്‍ ഇവര്‍ ബൈക്കില്‍ അഭ്യാസപ്രകടനങ്ങള്‍ കാഴ്ചവച്ചത്.
മറ്റ് അണിയറ പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് താരങ്ങള്‍ നടത്തിയ പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പോലിസ് നടപടിയെടുത്തത്. ഒക്ടോബര്‍ 31ന് തിയേറ്ററുകളില്‍ എത്താനിരുന്ന 'മിസ്രി'യുടെ റിലീസിന് മുന്നോടിയായുള്ള പ്രമോഷനിടെയാണ് സംഭവം. സിനിമയിലെ മറ്റ് അഭിനേതാക്കളായ പ്രേം ഗാധ്വി, ജെസല്‍ ജഡേജ എന്നിവരും പ്രമോഷന്‍ രംഗങ്ങളില്‍ പങ്കെടുത്തിരുന്നു.
ഓടുന്ന ബൈക്കിന്റെ പിന്‍സീറ്റില്‍ എഴുന്നേറ്റ് നിന്ന്, നടി മാനസി പരേഖ് ടൈറ്റാനിക് സിനിമയിലെ ജാക്കിന്റൈയും റോസിന്റെയും പോസ് അനുകരിക്കുന്നത് കാണാം. ബൈക്ക് ഓടിച്ചയാള്‍ മാനസിയുടെ കൈയില്‍ പിടിച്ച് മുന്നോട്ട് പോവുകയും സ്പീഡ് ബ്രേക്കര്‍ കടക്കുന്നതിന് തൊട്ടുമുമ്പ് ഹാന്‍ഡിലില്‍ നിന്നുള്ള പിടി വിടുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു വീഡിയോയില്‍ നടന്‍ ടിക്കൂ തല്‍സാനിയ തിരക്കിനിടയിലൂടെ ബൈക്ക് ഓടിക്കുമ്പോള്‍ സീറ്റില്‍ എഴുന്നേറ്റ് നില്‍ക്കുന്നതും കാണാം.
വീഡിയോ വൈറലായതോടെ താരങ്ങള്‍ക്കെതിരെയും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയും കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. വിമര്‍ശനം ശക്തമായതോടെ അഹമ്മദാബാദ് ട്രാഫിക് പോലിസ് നിയമനടപടി സ്വീകരിക്കുകയായിരുന്നു. പ്രൊമോഷന്‍ ചിത്രീകരണത്തിനായി പോലിസില്‍ നിന്നോ ട്രാഫിക് അധികൃതരില്‍ നിന്നോ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
