വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം വ്യാജം; ബലാല്‍സംഗ കേസില്‍ നിന്ന് പിതാവിനെ രക്ഷിക്കാന്‍ സ്വയം പരിക്കേല്‍പ്പിച്ച് പരാതി നല്‍കി, പിതാവ് പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായെന്നത് വ്യജമെന്ന് പോലിസ്. യുവാവിനെ കള്ളക്കേസില്‍ പെടുത്താന്‍ യുവതിയുടെ കുടുംബം തയാറാക്കിയ നാടകമാണ് ആസിഡ് ആക്രമണമെന്നു പോലിസ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. അക്കീല്‍ ഖാന്‍ എന്നയാളാണ് പിടിയിലായത്. പെണ്‍കുട്ടിക്കെതിരെയും കേസെടുക്കുമെന്നും വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് പറഞ്ഞു.
ആസിഡ് വീണ് ഇരുകൈകള്‍ക്കും പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ കയ്യില്‍ മനഃപൂര്‍വം പൊള്ളലേല്‍പിച്ചതാണെന്നും സംശയമുണ്ട്. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലിസ് യുവാവായ ജിതേന്ദറിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മൂന്ന് പേര്‍ ചേര്‍ന്ന് തന്റെ മേല്‍ ആസിഡ് ഒഴിച്ചെന്നാണ് പെണ്‍കുട്ടി പോലിസിനോട് പറഞ്ഞത്. ഇതില്‍ സഹായികളായ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളാണെന്ന് പോലിസ് കണ്ടെത്തി.
അശോക് വിഹാറില്‍ പെണ്‍കുട്ടിക്കു നേരെ ആക്രമണം നടക്കുന്ന സമയത്തു ജിതേന്ദറിന്റെ ഫോണ്‍ ലൊക്കേഷന്‍ കരോള്‍ ബാഗ് ആയതാണു പോലിസിനു കൂടുതല്‍ സംശയം തോന്നാനിടയാക്കിയത്. കൂട്ടുപ്രതികളെന്നു സംശയിക്കുന്ന ഇഷാന്‍, അര്‍മാന്‍ എന്നിവരുടെ കുടുംബവുമായി പെണ്‍കുട്ടിയുടെ കുടുംബത്തിനു വസ്തുതര്‍ക്കങ്ങള്‍ നിലവിലുണ്ടെന്നും പോലിസ് പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്ത് ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും പോലിസ് പറയുന്നു. ശുചിമുറി ക്ലീനര്‍ ആണ് പെണ്‍കുട്ടിയുടെ കയ്യില്‍ ഒഴിച്ചത്. എന്നാല്‍ ആശുപത്രി രേഖകളില്‍ കയ്യിലും വയറ്റിലും പൊള്ളലുണ്ട്. രണ്ടുദിവസം മുമ്പാണ് കോളജിലേക്കു പോകും വഴി രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിക്കു നേരെ ആസിഡ് ആക്രമണം ഉണ്ടായതായി കുടുംബം പരാതി നല്‍കിയത്.
പോലിസ് കസ്റ്റഡിയിലെടുത്ത ജിതേന്ദറിന്റെ ഭാര്യ, പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെ പീഡിപ്പിച്ചതായി നല്‍കിയ പരാതിയാണ് ആസിഡ് ആക്രമണത്തിനു പിന്നിലെ കള്ളക്കഥ പൊളിച്ചത്. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനൊപ്പമാണു താന്‍ ജോലി ചെയ്തിരുന്നതെന്നും അക്കാലത്തു തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നും പിന്നീട് സ്വകാര്യ വിഡിയോകള്‍ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഇതോടെയാണു കേസില്‍ കള്ളക്കളി ഉള്ളതായി പോലിസ് സംശയിച്ചതും കൂടുതല്‍ അന്വേഷണം നടത്തിയതും.
