ജെഎന്‍യുവിലെ എബിവിപി അക്രമം: അമിത് ഷാ റിപോര്‍ട്ട് തേടി; പിന്തുണയുമായി നേതാക്കള്‍ കാംപസില്‍

ജോയിന്റ് കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഇതെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ട്വീറ്റില്‍ വ്യക്തമാക്കി. റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ജെഎന്‍യു രജിസ്ട്രാറോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Update: 2020-01-05 19:09 GMT

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്കുനേരേ എബിവിപി അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റിപോര്‍ട്ട് തേടി. ഡല്‍ഹി പോലിസ് കമ്മീഷണറോടാണ് സംഭവത്തെക്കുറിച്ച് റിപോര്‍ട്ട് തേടിയത്. ഡല്‍ഹി കമ്മീഷണര്‍ അമൂല്യ പട്‌നായിക്കുമായി അമിത് ഷാ സംസാരിച്ചു. ആവശ്യമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി. ജോയിന്റ് കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഇതെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ട്വീറ്റില്‍ വ്യക്തമാക്കി. റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ജെഎന്‍യു രജിസ്ട്രാറോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.


അക്രമം അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം അക്രമങ്ങളും അരാജകത്വങ്ങളും അംഗീകരിക്കില്ല. ഒരുകൂട്ടം മുഖംമൂടി ധരിച്ചവര്‍ ജെഎന്‍യു കാംപസിലേക്ക് പ്രവേശിക്കുകയും കല്ലെറിയുകയും സാധനങ്ങള്‍ നശിപ്പിക്കുകയും വിദ്യാര്‍ഥികളെ ആക്രമിക്കുകയും ചെയ്തുവെന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് വളരെ നിര്‍ഭാഗ്യകരവും അങ്ങേയറ്റം അപലപനീയവുമാണ്. ഇത്തരം അക്രമങ്ങളും അരാജകത്വങ്ങളും അനുവദിക്കില്ലെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. നിര്‍മല സീതാരാമന്‍, രമേഷ് പൊഖ്രിയാല്‍, എസ് ജയശങ്കര്‍ തുടങ്ങിയ കേന്ദ്രമന്ത്രിമാര്‍ അക്രമത്തെ അപലപിച്ച് ട്വീറ്റ് ചെയ്തു. ഡല്‍ഹി പോലിസിനോട് ക്രമസമാധാനം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ട്വീറ്റ് ചെയ്തു.

ജെഎന്‍യുവിലെ അക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹി പോലിസിനോട്, സര്‍വകലാശാല അധികൃതരുമായി കൂടിയാലോചിച്ച് ശക്തമായ നടപടി സ്വീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഇടതുനേതാക്കള്‍ കാംപസിലെത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, ഡി രാജ, ആനി രാജ, കെ കെ രാഗേഷ് എംപി തുടങ്ങിയ നേതാക്കളാണ് കാംപസിലെത്തിയത്. എന്നാല്‍, നേതാക്കളെ കാംപസില്‍ പ്രവേശിക്കാന്‍ പോലിസ് അനുവദിച്ചില്ല. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ്സും ബിജെപിയുമാണെന്ന് യെച്ചൂരി ആരോപിച്ചു. ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള അധികാരത്തിലുള്ള ശക്തികളുടെ ആസൂത്രിത ആക്രമണമാണ് ജെഎന്‍യുവില്‍ നടന്നതെന്ന് യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

പരിക്കേറ്റ വിദ്യാര്‍ഥികളെ കാണാനെത്തിയ യെച്ചൂരിയെ എയിംസ് ആശുപത്രിയിലും ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. നേരത്തെ എയിംസ് ആശുപത്രിയിലെത്തിയ പ്രിയങ്ക ഗാന്ധിയെയും ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. സര്‍വകലാശാലയില്‍ നടന്ന അക്രമസംഭവങ്ങള്‍ ഞെട്ടിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം ജെഎന്‍യുവിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണ്. നമ്മുടെ ധീരരായ വിദ്യാര്‍ഥികളുടെ ശബ്ദത്തെ രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റുകള്‍ ഭയക്കുകയാണ്. ആ ഭയത്തിന്റെ പ്രതിഫലനമാണ് ജെഎന്‍യുവില്‍ ഇന്നുണ്ടായ സംഭവങ്ങള്‍- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

മോദി സര്‍ക്കാരിന് ജെഎന്‍യുവിനോടുള്ള ശത്രുത പ്രശസ്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. എബിവിപി ഗുണ്ടാസംഘം കാംപസിനകത്ത് അക്രമം അഴിച്ചുവിട്ടപ്പോള്‍ ഗേറ്റിന് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു ഡല്‍ഹി പോലിസെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജെഎന്‍യുവില്‍ നടക്കുന്ന അക്രമം ഞെട്ടിപ്പിക്കുന്നതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. പോലിസ് കാംപസില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ അത്യാവശ്യമായി സ്വീകരിക്കണമെന്നും കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News