ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരേ പോരാട്ടം തുടരുമെന്ന് പിഡിപി
മഹ്ബൂബ മുഫ്തിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് 370ാം വകുപ്പ് റദ്ദാക്കിയതിനെതിരായ പാർട്ടി നിലപാടിൽ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചത്.
ശ്രീനഗർ: ജമ്മു കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയ 'നിയമവിരുദ്ധ നടപടി'ക്കെതിരായ പോരാട്ടം തുടരുമെന്ന് പിഡിപി പ്രഖ്യാപിച്ചു. ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി പ്രസിഡൻറുമായ മഹ്ബൂബ മുഫ്തിയുടെ അധ്യക്ഷതയിൽ ശ്രീനഗറിലെ ഫെയർവ്യൂവിൽ ചേർന്ന മുതിർന്ന നേതാക്കളുടെ യോഗമാണ് 370ാം വകുപ്പ് റദ്ദാക്കിയതിനെതിരായ പാർട്ടി നിലപാടിൽ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചത്.
ഒരു വർഷത്തിലേറെ നീണ്ട വീട്ടുതടങ്കലിനുശേഷം മഹ്ബൂബ സംബന്ധിക്കുന്ന ആദ്യ യോഗമാണിത്. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയ നടപടി ഭരണഘടനാ വിരുദ്ധവും അസ്വീകാര്യവുമാണെന്ന് പിഡിപി വക്താവ് സുഹൈൽ ബുഖാരി പറഞ്ഞു.
ഇതിനെതിരേ കശ്മീർ ജനതക്കൊപ്പം ചേർന്ന് പോരാടും. ഇക്കാര്യത്തിൽ പാർട്ടി പ്രസിഡൻറ് മഹ്ബൂബ എടുക്കുന്ന നിലപാടിനെ ഐക്യകണ്‌ഠേനെ പിന്തുണക്കാനും യോഗം തീരുമാനിച്ചതായി വക്താവ് അറിയിച്ചു.