ശ്രീരാമക്ഷേത്രത്തിന് സംഭാവനയായി മൂന്ന് വര്‍ഷത്തിനിടെ ലഭിച്ചത് 5,500 കോടി രൂപയോളം
ലക്‌നൗ: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 5,500 കോടിയോളം രൂപ സംഭാവന ലഭിച്ചുവെന്ന് കണക്കുകള്‍. ലോകമെമ്പാടുമുള്ള വിശ്വാസികളില്‍ നിന്നും സംഭാവനയായി ലഭിച്ച പണം ക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചതായാണ് വിവരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓരോ മാസവും ക്ഷേത്രത്തിലേക്ക് ഏകദേശം ഒരു കോടി രൂപ ഇപ്പോള്‍ സംഭാവന ലഭിക്കുന്നുണ്ട്. രണ്ട് ലക്ഷം രൂപ വരെയുള്ള സംഭാവനകള്‍ ഓണ്‍ലൈനായോ, ചെക്കുകളായോ, നേരിട്ട് പണമായോ സ്വീകരിക്കുന്നുണ്ട്.
ക്ഷേത്ര ട്രസ്റ്റായ ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് പ്രശസ്ത ആത്മീയ ഗുരുവായ ഗുരു മൊരാരി ബാപ്പുവാണ് ക്ഷേത്രത്തിലേക്ക് ഏറ്റവും വലിയ തുക സംഭാവന നല്‍കിയത്. 11.3 കോടി രൂപയാണ് അദ്ദേഹത്തിന്റെ മാത്രം സംഭാവന. കൂടാതെ അമേരിക്ക, കാനഡ, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അനുയായികള്‍ 8 കോടി രൂപയും ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.
ശ്രീ രാമകൃഷ്ണ എക്‌സ്‌പോര്‍ട്ടിന്റെ ഉടമയും ഗുജറാത്തില്‍ നിന്നുള്ള വജ്ര വ്യാപാരിയുമായ ഗോവിന്ദ്ഭായി ധോലാക്കിയ 11 കോടി രൂപയാണ് ക്ഷേത്രത്തിലേക്ക് സംഭാവനയായി നല്‍കിയത്. 2021 ജനുവരി 14ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ക്ഷേത്ര നിര്‍മ്മാണത്തിലേക്കുള്ള ധന സമാഹരണത്തിന് തുടക്കമിട്ടത്. അഞ്ച് ലക്ഷം രൂപയുടെ ചെക്കായാണ് രാഷ്ട്രപതി ആദ്യത്തെ സംഭവന ട്രസ്റ്റലേക്ക് കൈമാറിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ക്ഷേത്രം ജനുവരി 22 ന് ഉദ്ഘാടനം ചെയ്യും.
