ആരോഗ്യസേതു ആപ്ലിക്കേഷന്‍ പൗരന്റെ സ്വകാര്യതയിലേക്കുള്ള ഒളികണ്ണ്: എസ്ഡിപിഐ

ഉപയോക്താക്കളുടെ ലൊക്കേഷനും ബ്ലൂട്ടൂത്തും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ആപ്പ് പൗരനെ സദാ നിരീക്ഷണത്തിലാക്കുന്നു. പൗരന്റെ സ്വകാര്യ ഇടപെടല്‍ ഉള്‍പ്പെടെ ഈ ആപ്ലിക്കേഷനിലൂടെ പിന്‍തുടരാന്‍ സാധിക്കും എന്നതാണ് ഇതിന്റെ അപകടം.

Update: 2020-05-03 07:15 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കോണ്‍ടാക്റ്റ് ട്രേസിങ് ആപ്ലിക്കേഷനായ ആരോഗ്യ സേതു പൗരന്റെ സ്വീകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച്‌ അബ്ദുല്‍ മജീദ് അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയവുമായി സഹകരിച്ച് 2020 ഏപ്രില്‍ രണ്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ സേതു ആപ്പ് പുറത്തിറക്കിയത്. ഉപയോക്താക്കളുടെ ലൊക്കേഷനും ബ്ലൂട്ടൂത്തും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ആപ്പ് പൗരനെ സദാ നിരീക്ഷണത്തിലാക്കുന്നു. പൗരന്റെ സ്വകാര്യ ഇടപെടല്‍ ഉള്‍പ്പെടെ ഈ ആപ്ലിക്കേഷനിലൂടെ പിന്‍തുടരാന്‍ സാധിക്കും എന്നതാണ് ഇതിന്റെ അപകടം.

ഈ ആപ്പ് പൗരന്റെ ഡാറ്റ കേന്ദ്ര സര്‍ക്കാരുമായി പങ്കുവെക്കുന്നുമുണ്ട്. ലിംഗം, പേര്, പ്രായം, തൊഴില്‍, യാത്ര ചെയ്ത സ്ഥലങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ എന്നിവയടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ രജിസ്‌ട്രേഷനായി നല്‍കണം. കൂടാതെ പൗരന്റെ ഹെല്‍ത്ത് ഹിസ്റ്ററിയും നല്‍കണം. സ്വമേധയാ ഉപയോഗിക്കുന്നതിന് ഉദ്ദേശിച്ചുള്ള ആപ്ലിക്കേഷന്‍ എല്ലാ സ്വകാര്യ, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കേന്ദ്രം പിന്നീട് നിര്‍ബന്ധമാക്കി. ഒരു സ്വകാര്യ സ്ഥാപന ജീവനക്കാരനെ അവരുടെ ഫോണില്‍ ആപ്ലിക്കേഷന്‍ ഇല്ലെന്ന് കണ്ടെത്തിയാല്‍ കമ്പനിയുടെ തലവന്‍ ഉത്തരവാദിയായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കുകയാണ്.

പൗരന്മാര്‍ അറിയാതെ തന്നെ അവരെ കൃത്യമായി ട്രാക്ക് ചെയ്യുന്ന ഈ ആപ്ലിക്കേഷന്‍ ഒരു സ്വകാര്യ ഓപറേറ്റര്‍ക്ക് ഔട്ട്സോഴ്സ് ചെയ്യാവുന്ന ഗുരുതരമായ ഡാറ്റാ സുരക്ഷാ പ്രശ്‌നവും ഉയര്‍ത്തുന്നു. പൗരന്റെ സ്വകാര്യത ഒപ്പിയെടുത്ത് കമ്പോളത്തിലെത്തിക്കുകയും പൗരനെ സമ്പൂര്‍ണ നിരീക്ഷണത്തിലാക്കുകയും ചെയ്യുന്ന ഈ ആപ്പ് ഉടന്‍ പിന്‍വലിക്കണമെന്നും രാജ്യത്തെ വിവിധ രാഷ്ട്രീയ, സാമൂഹിക, പൗരാവകാശ പ്രസ്ഥാനങ്ങള്‍ ഇതിനെതിരേ രംഗത്തുവരണമെന്നും അബ്ദുല്‍ മജീദ് ആവശ്യപ്പെട്ടു.

Tags:    

Similar News