സ്‌കൂട്ടര്‍ യാത്രയ്ക്കിടെ മരക്കൊമ്പ് വീണ് തലയോട്ടി തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ മരക്കൊമ്പ് തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഹനുമന്ത് നഗറിലെ ബ്രഹ്‌മചൈതന്യ ക്ഷേത്രത്തിന് സമീപമാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അക്ഷയ് ശിവറാമാണ് മരിച്ചത്. ജൂണ്‍ 15 നാണ് അപകടം നടന്നത്. രാജാജിനഗറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നു അക്ഷയ്. പിതാവിന്റെ ജന്മദിനത്തിന് ഭക്ഷണം തയ്യാറാക്കാന്‍ മാംസം വാങ്ങാന്‍ പുറത്തുപോയപ്പോളാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അക്ഷയ്ക്ക് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീഴുന്നത്. ഗുരുതരമായി പരിക്കേറ്റ അക്ഷയ് അപകടത്തിന് പിന്നാലെ കോമയിലായിരുന്നു. വ്യാഴാഴ്ച ജയനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അക്ഷയ്യുടെ തലയോട്ടിക്ക് 12 ഓളം പൊട്ടലുണ്ടായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യത്തില്‍ അക്ഷയ് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഉണങ്ങിയ മരക്കൊമ്പ് പെട്ടെന്ന് ഒടിഞ്ഞുവീഴുന്നതും അക്ഷയ് ബാലന്‍സ് നഷ്ടപ്പെട്ട് പാര്‍ക്ക് ചെയ്തിരുന്ന ഒരു വാഹനത്തില്‍ ഇടിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവം നടക്കുമ്പോള്‍ അക്ഷയ് ഹെല്‍മറ്റ് ധരിച്ചിട്ടില്ലായിരുന്നു.