ട്രെയിനിന്റെ വാതില്‍പടിയില്‍ ഇരിക്കാന്‍ തര്‍ക്കിച്ച രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
അകത്തേക്കു കയറാന്‍ സഹയാത്രികര്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും കൂട്ടാക്കിയില്ല.
ചെന്നൈ: യാത്രയ്ക്കിടെ ട്രെയിനിന്റെ വാതില്‍പടിയിലിരുന്നു യാത്ര ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനും കയ്യാങ്കളിക്കുമിടെ നിലതെറ്റി പുറത്തേക്കു തെറിച്ചുവീണ രണ്ട് യുവാക്കള്‍ക്കു ദാരുണാന്ത്യം. നാഗര്‍കോവില്‍ കോയമ്പത്തൂര്‍ എക്‌സ്പ്രസിലാണു നാടകീയ സംഭവങ്ങളുണ്ടായത്. ജനറല്‍ കോച്ചില്‍ യാത്രചെയ്ത തെങ്കാശി ആലംകുളം സ്വദേശി മുത്തുകുമാര്‍ (32), തൂത്തുക്കുടി കോവില്‍പട്ടി സ്വദേശി മാരിയപ്പന്‍ (36) എന്നിവരാണു മരിച്ചത്.
ഇരുവരും തമ്മില്‍ ആദ്യമുണ്ടായ വാക്കുതര്‍ക്കം പിന്നീടു കയ്യാങ്കളിയിേലക്കു മാറി. അകത്തേക്കു കയറാന്‍ സഹയാത്രികര്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും കൂട്ടാക്കിയില്ല. പരസ്പരം ആക്രമിക്കുന്നതിനിടെ, വിരുദുനഗറിനടുത്ത് സാത്തൂരിനടുത്തു നിലതെറ്റി ഇരുവരും പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു. ഇതോടെ, യാത്രക്കാര്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി. മുത്തുകുമാര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മാരിയപ്പനും മരിച്ചു. സംഭവത്തില്‍ തൂത്തുക്കുടി പൊലീസ് കേസെടുത്തു.