തിരുപ്പതി: കുടുംബത്തോടൊപ്പം ക്ഷേത്ര ദര്‍ശനത്തിനെത്തിയ കൗശിക് എന്ന മൂന്നുവയസുകാരനെയാണ് പുലി പിടിച്ചത്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലില്‍ വച്ചാണ് കുട്ടിക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടുകയായിരുന്നു. കഴുത്തിലാണ് കടിച്ചത്. ആളുകള്‍ ബഹളം വച്ച് പിന്നാലെ ഓടിയ കല്ലെടുത്ത് എറിഞ്ഞതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് മറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുപ്പതി ദേവസ്വം ആശുപത്രിയിലേക്കും അവിടെ നിന്ന് പത്മാവതിയിലെ ആശുപത്രിയിലേക്കും മാറ്റി. കുട്ടിയുടെ കഴുത്തിലും തലയിലുമാണ് പരിക്കേറ്റത്.
തിരുമല തിരുപ്പതി ദേവസ്ഥാനം വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി വിഭാഗത്തില്‍ നിന്നുള്ള പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം അഡോണിയില്‍ നിന്നുള്ള ഒരു സംഘം ഭക്തര്‍ ഏഴാം മൈലിലെ ഹനുമാന്‍ പ്രതിമയ്ക്ക് സമീപം ഭക്ഷണം കഴിക്കുകയായിരുന്നു. കുടുംബത്തിനടുത്ത് നിന്ന് മാറി അല്‍പം അകലെ കളിച്ചുകൊണ്ടിരുന്ന കൗശികിനെ പെട്ടെന്ന് പുള്ളിപ്പുലി ആക്രമിച്ചു.കുട്ടിയെ ശേഷാചലം വനമേഖലയിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകളും കാവല്‍ക്കാരും ഉടന്‍തന്നെ ശബ്ദം വയ്ക്കുകയും പുലിക്ക് നേരെ കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് പുലി കുട്ടിയെ ഉപേക്ഷിച്ച് വനത്തിനുള്ളിലേക്ക് മറയുകയായിരുന്നു. കുട്ടി ചികിത്സയില്‍ തുടരുകയാണ്.
