മധ്യപ്രദേശില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ആശുപത്രിക്കുള്ളില്‍ കഴുത്തറത്ത് കൊന്നു
ഭോപാല്‍: മധ്യപ്രദേശില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ആശുപത്രിക്കുള്ളില്‍വച്ച് കഴുത്തറത്ത് കൊന്നു. നര്‍സിങ്പുരിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. നര്‍സിങ്പുര്‍ സ്വദേശിനിയായ സന്ധ്യ ചൗധരി(19)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ അഭിഷേക് കോഷ്ഠിയെ പോലിസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ജൂണ്‍ 27-ന് പട്ടാപ്പകലാണ് ആശുപത്രിക്കുള്ളില്‍ അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം പ്രതി അഭിഷേക് സ്വയം കഴുത്തറത്ത് മരിക്കാനും ശ്രമിച്ചു. പിന്നാലെ ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പ്രതിയെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ പിടികൂടാനായെന്ന് പോലിസ് പറഞ്ഞു.
പെണ്‍കുട്ടിയും പ്രതിയും സുഹൃത്തുക്കളായിരുന്നുവെന്നും മറ്റൊരാളുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടെന്ന സംശയവും തന്നെ വഞ്ചിച്ചെന്ന തോന്നലുമാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് പോലിസിന്റെ വിശദീകരണം. രണ്ടുവര്‍ഷം മുന്‍പ് സാമൂഹികമാധ്യമത്തിലൂടെയാണ് ഇരുവരും സൗഹൃദത്തിലായത്. എന്നാല്‍, കഴിഞ്ഞ ജനുവരി മുതല്‍ സൗഹൃദത്തില്‍ വിള്ളലുണ്ടായി. സന്ധ്യ ചൗധരിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് പ്രതി സംശയിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ പ്രതി പദ്ധതിയിട്ടതെന്നും പോലിസ് പറഞ്ഞു.
പ്രസവവാര്‍ഡില്‍ കഴിയുന്ന സുഹൃത്തിന്റെ ബന്ധുവിനെ കാണാനാണ് സന്ധ്യ ചൗധരി സംഭവദിവസം ജില്ലാ ആശുപത്രിയിലെത്തിയത്. ഉച്ചയോടെ പ്രതി അഭിഷേകും ആശുപത്രിയിലെത്തി. ഉച്ചയ്ക്ക് രണ്ടരയോടെ ആശുപത്രിയിലെ ട്രോമ സെന്ററില്‍വച്ചാണ് പെണ്‍കുട്ടിയെ അഭിഷേക് കണ്ടത്. തുടര്‍ന്ന് അല്‍പനേരം ഇരുവരും സംസാരിക്കുകയും തൊട്ടുപിന്നാലെ പെണ്‍കുട്ടിയെ ആക്രമിച്ച് കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവസമയം രണ്ട് സുരക്ഷാ ജീവനക്കാരും മറ്റുജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും ഉള്‍പ്പെടെ കെട്ടിടത്തിലുണ്ടായിരുന്നു. എന്നാല്‍, ആക്രമണം കണ്ട് ഇവരെല്ലാം നടുങ്ങി. ആരും അക്രമിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ല. അതേസമയം, പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും കൊല്ലുമെന്ന് അഭിഷേക് ഭീഷണിപ്പെടുത്തിയതായി സ്ഥലത്തുണ്ടായിരുന്ന നഴ്സിങ് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം അതേ കത്തി ഉപയോഗിച്ച് സ്വയം കഴുത്തറത്ത് മരിക്കാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാല്‍, ഇത് പരാജയപ്പെട്ടതോടെ ഇയാള്‍ പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

