നാല് വയസ്സുകാരന്റെ കാലില്‍ പിടിച്ച് നിലത്തടിച്ചു, തല ഇരുമ്പ് കമ്പിയില്‍ ഇടിപ്പിച്ചു; മഹാരാഷ്ട്രയില്‍ യുവാവ് പിടിയില്‍

Update: 2026-03-31 13:31 GMT

മുംബൈ: മഹാരാഷ്ട്രയില്‍ പിതാവിനോടുള്ള വൈരാഗ്യത്തില്‍ നാലുവയസ്സുകാരനെ കാലില്‍ പിടിച്ച് തല നിലത്തടിച്ചു ആക്രമിച്ച യുവാവ് പിടിയില്‍. മഹാരാഷ്ട്രയിലെ സന്ദീപ് പവാറാണ് നാല് വയസ്സുകാരനായ വിഗ്‌നേഷിനെ ക്രൂരമായി ആക്രമിച്ചത്.

കഴിഞ ദിവസം മഹാരാഷ്ട്രയിലെ വാസയിലാണ് സംഭവം നടക്കുന്നത്. പ്രതിയായ സന്ദീപ് പവാറും വിഗ്‌നേഷിന്റെ പിതാവുമായി ചെറിയ വാക്ക് തര്‍ക്കം ഉണ്ടായി. ഇതിന്റെ വൈരാഗ്യത്തില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ കാലില്‍പിടിച്ച് വലിച്ചിറക്കി താഴെ ഇട്ട ശേഷം കാലില്‍ പിടിച്ചുകൊണ്ടുതന്നെ കുട്ടിയുടെ തല നിലത്തേക്കും ഇരുമ്പ് കമ്പിയിലേക്കും ഇടിപ്പിക്കുകയായിരുന്നു.

ആക്രമത്തിന് ശേഷം കുട്ടിയെ റോഡില്‍ തള്ളിയിടുകയും ചെയ്തു. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആക്രമണം നടന്ന ഉടന്‍ തന്നെ സമീപവാസികള്‍ കുട്ടിയെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസിയുവില്‍ തുടരുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവത്തില്‍ പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.