യുപിയില്‍ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലെ 90 പെണ്‍കുട്ടികള്‍ക്ക് കൊവിഡ്; ഉറവിടം കണ്ടെത്താനായില്ലെന്ന് അധികൃതര്‍

ജൂണ്‍ അവസാനം ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ നടത്തുന്ന കുട്ടികളുടെ അഭയകേന്ദ്രത്തില്‍ 57 പെണ്‍കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Update: 2020-08-17 09:30 GMT

ലഖ്‌നോ: ഉത്തര്‍പ്രേദശില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ അഭയകേന്ദ്രത്തിലെ അന്തേവാസികളായ 90 പെണ്‍കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. അതേസമയം, പെണ്‍കുട്ടികള്‍ക്ക് രോഗബാധ എവിടെനിന്നാണുണ്ടായതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് വനിതാക്ഷേമവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നിത അഹിര്‍വാര്‍ പറഞ്ഞു. ഇതെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരെയും ക്വാറന്റൈനിലാക്കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ അവസാനം ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ നടത്തുന്ന കുട്ടികളുടെ അഭയകേന്ദ്രത്തില്‍ 57 പെണ്‍കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ അഞ്ച് പെണ്‍കുട്ടികള്‍ ഗര്‍ഭിണികളുമായിരുന്നു.

അഭയകേന്ദ്രത്തില്‍ കൂടുതല്‍ പേരെ പാര്‍പ്പിക്കുന്നുണ്ടെന്നും മതിയായ അടിസ്ഥാനസൗകര്യങ്ങളില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതൊക്കെ കണക്കിലെടുത്ത് സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള അഭയകേന്ദ്രങ്ങളിലെ മുഴുവന്‍ അന്തേവാസികളെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഉത്തരവെന്ന് വനിതാ ശിശുക്ഷേമവകുപ്പ് അറിയിച്ചു.

അതത് ജില്ലകളിലെ അഭയകേന്ദ്രങ്ങളില്‍ ക ഴിയുന്ന അന്തേവാസികളുടെ പരിശോധന നിര്‍ബന്ധമായും നടത്തുന്നതിന് 75 ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഉത്തര്‍പ്രദേശില്‍ മുന്നൂറിലധികം അഭയകേന്ദ്രങ്ങളിലായി 5,500 ലധികം അന്തേവാസികളാണ് കഴിയുന്നത്.  

Tags:    

Similar News