ഗള്‍ഫ് മേഖലയില്‍ നിന്ന് 40 ദിവസത്തില്‍ 8.4 ലക്ഷം ഇന്ത്യക്കാര്‍ തിരിച്ചെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം വിപുലമായ ഏകോപന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഫെബ്രുവരി 28 മുതല്‍ ഇതുവരെ ഏകദേശം 8.43 ലക്ഷം യാത്രക്കാര്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായി മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി അസീം ആര്‍. മഹാജന്‍ അറിയിച്ചു. പൗരന്മാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കാന്‍ മന്ത്രാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമും വിവിധ രാജ്യങ്ങളില്‍ ഹെല്‍പ്പ് ലൈനുകളും സജ്ജമാക്കിയിട്ടുണ്ട്.
മടങ്ങിയെത്തുന്നവര്‍ക്ക് സുഗമമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും മന്ത്രാലയം നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഇന്ത്യന്‍ മിഷനുകള്‍ 24 മണിക്കൂറും ഹെല്‍പ്പ് ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും ദുരിതബാധിത രാജ്യങ്ങളിലെ പൗരന്മാരെ സജീവമായി സഹായിക്കുന്നുണ്ടെന്നും മഹാജന്‍ വ്യക്തമാക്കി.
വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ക്കിടയിലും യുഎഇ, സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് പരിമിതമായ വാണിജ്യ സര്‍വീസുകള്‍ തുടരുന്നുണ്ട്. യുഎഇയില്‍ നിന്ന് മാത്രം ഒരു ദിവസം 95 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കുവൈറ്റ് വ്യോമാതിര്‍ത്തി അടഞ്ഞുകിടക്കുന്നതിനാല്‍ അവിടുള്ളവരെ സൗദിയിലെ ദമ്മാം വഴി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സമാനമായ രീതിയില്‍ ബഹ്റൈനില്‍ നിന്നും ദമ്മാം വഴി വിമാന സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
ഇറാനില്‍ കുടുങ്ങിയ 981 വിദ്യാര്‍ഥികളും 657 മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ 2,180 പൗരന്മാരെ ടെഹ്റാനിലെ ഇന്ത്യന്‍ എംബസി വഴി അര്‍മേനിയ, അസര്‍ബൈജാന്‍ എന്നിവടങ്ങളിലൂടെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. ഇസ്രായേല്‍ വ്യോമാതിര്‍ത്തി ഭാഗികമായി മാത്രം തുറന്നിരിക്കുന്ന സാഹചര്യത്തില്‍ അവിടെയുള്ളവര്‍ക്ക് ജോര്‍ജിയ, ഈജിപ്ത് വഴി യാത്രയൊരുക്കുമ്പോള്‍ ഇറാഖിലുള്ളവര്‍ക്ക് ജോര്‍ദാന്‍, സൗദി അറേബ്യ വഴി മടങ്ങാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിറ്റി അസോസിയേഷനുകളുമായും കമ്പനികളുമായും ചേര്‍ന്ന് വിവരങ്ങള്‍ തത്സമയം പൗരന്മാരിലേക്ക് എത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

