കര്‍ണാടകയില്‍ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി അഞ്ചുമാസത്തോളം പീഡിപ്പിച്ചു; ബന്ധു ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍
പതിനഞ്ചുകാരിയെ 17 പേര്‍ ചേര്‍ന്ന് മാസങ്ങളോളം പീഡിപ്പിച്ചെന്ന് കാണിച്ച് ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ കഴിഞ്ഞ ജനുവരി 30ന് ശൃംഗേരി പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കുട്ടിയെ അഞ്ചുമാസം പ്രതികള്‍ പീഡനത്തിനിരയാക്കിയെന്നും പെണ്‍കുട്ടിയുടെ അമ്മായി കേസിലെ മുഖ്യപ്രതിയാണെന്നും അഡീഷനല്‍ എസ്പി ശ്രീത്തി പറഞ്ഞു.
ബംഗളൂരു: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അഞ്ചുമാസത്തോളം പീഡനത്തിനിരയാക്കി. കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയിലാണ് 15 വയസുകാരിയെ മാസങ്ങളോളം പീഡനത്തിനിരയാക്കിയ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 17 പ്രതികളില്‍ എട്ടുപേരെ പോലിസ് അറസ്റ്റുചെയ്തു.
സ്‌മോള്‍ അഭി, ഗിരീഷ്, വികാസ്, മണികണ്ഠ, സമ്പത്ത്, അശ്വത് ഗൗഡ, രാജേഷ്, അമിത്, സന്തോഷ്, ദീക്ഷിത്, സന്തോഷ്, നിരഞ്ജന്‍, നാരായണ ഗൗഡ, അഭി ഗൗഡ, യോഗേഷ്, എംജിആര്‍ ക്രഷര്‍ ഉടമ, പ്രായപൂര്‍ത്തിയാവാത്ത അമ്മായി എന്നിവരാണ് കേസിലെ പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോവല്‍, ലൈംഗിക പീഡനം ബാലവേല ഭേദഗതി നിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
പോക്‌സോ ചുമത്തിയും കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയുള്‍പ്പെടെയാണ് അറസ്റ്റിലായത്. പതിനഞ്ചുകാരിയെ 17 പേര്‍ ചേര്‍ന്ന് മാസങ്ങളോളം പീഡിപ്പിച്ചെന്ന് കാണിച്ച് ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ കഴിഞ്ഞ ജനുവരി 30ന് ശൃംഗേരി പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കുട്ടിയെ അഞ്ചുമാസം പ്രതികള്‍ പീഡനത്തിനിരയാക്കിയെന്നും പെണ്‍കുട്ടിയുടെ അമ്മായി കേസിലെ മുഖ്യപ്രതിയാണെന്നും അഡീഷനല്‍ എസ്പി ശ്രീത്തി ഇന്ത്യാ ടുഡേയോട് പറഞ്ഞു.
പീഡനത്തിരയായ പെണ്‍കുട്ടി ഒരു മെറ്റല്‍ ക്രഷര്‍ യൂനിറ്റില്‍ ജോലിചെയ്തുവരികയായിരുന്നു. ഇക്കാലയളവില്‍ ബസ് ഡ്രൈവറായ ഗിരീഷിനെ പരിചയപ്പെടുകയും ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഗിരീഷ് കുട്ടിയുടെ ഫോണ്‍ നമ്പര്‍ സ്‌മോള്‍ അഭി എന്നയാള്‍ക്ക് നല്‍കി. അഭിയും കുട്ടിയെ പീഡനത്തിനിരയാക്കി. കൂടാതെ ഇയാള്‍ കുട്ടിയുടെ ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അഭിയുടെ സുഹൃത്തുക്കളും കുട്ടിയെ പീഡിപ്പിച്ചു.
കുട്ടിയുടെ അമ്മ മൂന്നുവര്‍ഷം മുമ്പ് മരിച്ചിരുന്നു. പിന്നീട് അമ്മായിയുടെ സംരക്ഷണയിലായിരുന്നു പെണ്‍കുട്ടി കഴിഞ്ഞുവന്നത്. പെണ്‍കുട്ടിയുടെ അമ്മായിയുടെ അറിവോടെയായിരുന്നു പീഡനം നടന്നതെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് ഇവരെ അറസ്റ്റുചെയ്തതെന്ന് പോലിസ് അറിയിച്ചു. അതേസമയം, എഫ്.ഐ.ആറില്‍ പേരുള്ള ചിലര്‍ക്ക് ബിജെപി ബന്ധമുണ്ടെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് വക്താവ് ലാവണ്യ ആരോപിച്ചു. കേസില്‍ എംപി ശോഭ കരന്ദ്‌ലെജെയും ബിജെപി ദേശീയ സെക്രട്ടറി സി ടി രവിയും മൗനം പാലിക്കുകയാണെന്ന് ലാവണ്യ ചൂണ്ടിക്കാട്ടി.
