7740 ഗ്രാമീണ വീടുകളില്‍ സോളാര്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കി ജാര്‍ഖണ്ഡ് സര്‍ക്കാര്‍

വൈദ്യുതി ലഭ്യമല്ലാത്ത ജാര്‍ഖണ്ഡിലെ വിദൂര ഗ്രാമങ്ങളില്‍ ബിജിലി വിത്രന്‍ നിഗം ലിമിറ്റഡ് മൊത്തം 7740 വീടുകളിലാണ് സോളാര്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയത്.

Update: 2022-01-29 04:53 GMT

റാഞ്ചി: സംസ്ഥാനത്ത് 7740 വീടുകളില്‍ സോളാര്‍ സംവിധാനങ്ങളും സോളാര്‍ പ്ലാന്റുകളും ഉപയോഗിച്ച് വൈദ്യുതീകരിച്ചതായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ജാര്‍ഖണ്ഡിലെ വിദൂര ഗ്രാമങ്ങളിലാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

വൈദ്യുതി ലഭ്യമല്ലാത്ത ജാര്‍ഖണ്ഡിലെ വിദൂര ഗ്രാമങ്ങളില്‍ ബിജിലി വിത്രന്‍ നിഗം ലിമിറ്റഡ് മൊത്തം 7740 വീടുകളിലാണ് സോളാര്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയത്. അപ്രാപ്യമായ കുന്നുകളും കാടുകളും കാരണം ഈ ഗ്രാമങ്ങളില്‍ പരമ്പരാഗത രീതികളിലൂടെ വൈദ്യുതീകരിക്കുന്നത് പ്രായോഗികമായിരുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍, ഗ്രാമങ്ങളില്‍ സോളാര്‍ സ്റ്റാന്‍ഡ്എലോണ്‍ സംവിധാനങ്ങളും സോളാര്‍ പവര്‍ പ്ലാന്റുകളും ഉപയോഗിച്ച് വൈദ്യുതീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

അത്തരം ഗ്രാമങ്ങളുടെ വൈദ്യുതീകരണം രണ്ട് വഴികളിലൂടെയാണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു. അതായത് 50 വീടുകളില്‍ താഴെയുള്ള ഗ്രാമങ്ങളിലാണ് വൈദ്യുതീകരണം നടത്തിയിരിക്കുന്നത്. ഓരോ വീട്ടിലും 200-250 വാട്ട്‌സിന്റെ ഒരു മൊഡ്യൂള്‍, നാല് 9 വാട്ട് എല്‍ഇഡി ബള്‍ബുകള്‍, ഒരു ഡയറക്ട് കറന്റ് ഫാന്‍, ഒരു മൊബൈല്‍ ചാര്‍ജിങ് പോയിന്റ്, എല്‍ഇഡി ടെലിവിഷനുള്ള പവര്‍ സോക്കറ്റ് എന്നിവയാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് കൂടാതെ, കമ്മ്യൂണിറ്റി കെട്ടിടങ്ങളോ സ്‌കൂളുകളോ സോളാര്‍ സ്റ്റാന്‍ഡ്എലോണ്‍ സംവിധാനത്തിലൂടെ വൈദ്യുതീകരിച്ചിട്ടുണ്ട്. കൂടാതെ, ഓരോ 10 വീടുകള്‍ക്ക് ഒരു സോളാര്‍ തെരുവ് വിളക്ക് എന്ന നിലയ്ക്ക് തെരുവുവിളക്കുകളും സ്ഥാപിക്കുന്നുണ്ട്.

വൈദ്യുതീകരണത്തിനുള്ള മറ്റൊരു മാര്‍ഗ്ഗം മിനി/മൈക്രോ ഓഫ് ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റുകളാണ്. 50ലധികം വീടുകളുള്ള ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിനായി ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.

സാഹെബ്ഗഞ്ച് ജില്ലയിലെ ബര്‍ഹെയ്ത് ബ്ലോക്കിലെ ചാപ്പല്‍ പഹാഡ്, ബാസ്‌കോ പഹാഡ്, തങ്ഗ്ര പഹാഡ് തുടങ്ങിയ ഗ്രാമങ്ങളില്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് പൂര്‍ണ്ണമായും വൈദ്യുതീകരിച്ചിട്ടുണ്ട്. ഛത്രയിലെയും സിംദേഗയിലെയും ഗ്രാമങ്ങളില്‍ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.