75ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

Update: 2024-01-26 05:32 GMT

ഡല്‍ഹി : 75ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. കര്‍ത്തവ്യപഥില്‍ റിപ്പബ്ലിക് ദിന പരേഡ് ആരംഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും വിശിഷ്ടാതിഥിയായ ഇമ്മാനുവല്‍ മക്രോയും പ്രധാനമന്ത്രി മോദിയും കര്‍ത്തവ്യപഥില്‍ എത്തിയിട്ടുണ്ട്. യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി കര്‍ത്തവ്യപഥില്‍ എത്തിയത്. പരേഡില്‍ ഇത്തവണ അണിനിരക്കുന്നവരില്‍ 80 ശതമാനവും വനിതകളാണ്. പരേഡില്‍ അണിനിരക്കുന്ന 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമെ ഫ്രാന്‍സിന്റെ 2 റഫാല്‍ യുദ്ധവിമാനങ്ങളും ട്രാന്‍സ്‌പോര്‍ട്ട് വിമാനവും ഫ്‌ലൈപാസ്റ്റ് നടത്തും. ടി 90 ടാങ്ക്, നാഗ് മിസൈല്‍, പിനാക റോക്കറ്റ് ലോഞ്ചര്‍, കരയില്‍ നിന്ന് ആകാശത്തേക്കു തൊടുക്കുന്ന മധ്യദൂര മിസൈല്‍ എന്നിവ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിന്റെ അടയാളമായി പരേഡില്‍ അണിനിരക്കും.

പുരുഷന്‍മാരും വനിതകളും ഉള്‍പ്പെട്ടതായിരിക്കും ബിഎസ്എഫ് സംഘം. ഡല്‍ഹി പൊലീസ് സംഘത്തെ മലയാളിയും നോര്‍ത്ത് ഡല്‍ഹി ഡപ്യൂട്ടി കമ്മിഷണറുമായ ശ്വേത കെ.സുഗതന്‍ നയിക്കും. സിആര്‍പിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയില്‍ നിന്നുള്ള വനിതാ സേനാംഗങ്ങള്‍ ബൈക്ക് അഭ്യാസപ്രകടനം നടത്തും. 16 സംസ്ഥാനങ്ങളുടെയടക്കം 26 ഫ്‌ലോട്ടുകളാണുള്ളത്.

തിരുവനന്തപുരം: എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. രാവിലെ 9 മണിക്ക് വേദിയിലെത്തിയ ഗവര്‍ണറും മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തു. വിവിധ ജില്ലകളില്‍ റിപ്പബ്ലിക് ദിന പരിപാടികള്‍ നടന്നുവരികയാണ്. കേന്ദ്രസര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു ഗവര്‍ണറുടെ പ്രസംഗം.

ഇടുക്കിയില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഐഡിഎ ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തി. എറണാകുളം ജില്ലയില്‍ മന്ത്രി കെ രാജനും, മലപ്പുറത്ത് എംഎസ്പി പരേഡ് ഗ്രൗണ്ടില്‍ മന്ത്രി ജിആര്‍ അനിലും, കോഴിക്കോട് വിക്രം മൈതാനിയില്‍ മന്ത്രി മുഹമ്മദ് റിയാസും പതാക ഉയര്‍ത്തി. തേക്കിന്‍കാട് മൈതാനത്ത് മന്ത്രി കെ.രാധാകൃഷ്ണനും പാലക്കാട് കോട്ട മൈതാനത്ത് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും വയനാട്ടില്‍ മന്ത്രി എകെ ശശീന്ദ്രനും കൊല്ലത്ത് മന്ത്രി ഗണേഷ് കുമാറും പതാക ഉയര്‍ത്തി.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കുന്ന അറ്റ് ഹോം വിരുന്ന് ഇന്ന് നടക്കും. വൈകീട്ട് 6 മണിക്കാണ് വിരുന്ന്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇരുവരും പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. നയപ്രഖ്യാപനം പ്രസംഗം ഗവര്‍ണര്‍ വെട്ടിചുരുക്കിയതില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ട്.







Tags: