ഉത്തരേന്ത്യയില്‍ കനത്ത മഴ: യുപിയില്‍ നാലു ദിവസത്തിനിടെ 73 മരണം

ഉത്തര്‍പ്രദേശില്‍ നാലു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 73 ആയി. കിഴക്കന്‍ ഉത്തര്‍പ്രദേശിലും ബിഹാറിലെ പട്‌നയിലും മിക്ക പ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Update: 2019-09-29 06:41 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ നാലു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 73 ആയി. കിഴക്കന്‍ ഉത്തര്‍പ്രദേശിലും ബിഹാറിലെ പട്‌നയിലും മിക്ക പ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അടുത്ത രണ്ട് ദിവസം കൂടി ഉത്തര്‍ പ്രദേശില്‍ കനത്ത മഴ തുടരുമെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ച ഉത്തര്‍പ്രദേശില്‍ 1700 മടങ്ങ് അധികം മഴയാണ് പെയ്തത്. പ്രയാഗരാജില്‍ 102.2 മി.മി, വാരണാസിയില്‍ 84.2 മി.മി മഴയാണ് ലഭിച്ചത്. പല ജില്ലകളിലും 3 ദിവസങ്ങളായി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു.

അതേസമയം, ബിഹാറിലും കനത്ത മഴ മൂലം പല ഭാഗങ്ങളിലും വലിയ ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്. ഇന്ന് രാവിലെ പലയിടത്തും ട്രെയിനുകള്‍ റദ്ദാക്കി. ചൊവ്വാഴ്ച വരെ പട്‌നയില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. പട്‌നയിലെ നളന്ദ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളം കയറി. സാഹചര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.

Tags:    

Similar News