മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം; ഒരാള്‍ മരിച്ചു, കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍

Update: 2021-09-08 05:21 GMT

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരാള്‍ മരിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍. അടുത്തുള്ള നഗരമായ കൊയൂക്ക ഡി ബെനിറ്റെസില്‍ ഒരു യൂട്ടിലിറ്റി പോള്‍ വീണാണ് ഒരാള്‍ മരിച്ചത്- ഗെറേറോ സ്‌റ്റേറ്റ് ഗവര്‍ണര്‍ ഹെക്ടര്‍ അസ്റ്റുഡില്ലോ മിലേനിയോ ടിവിയോട് പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അകപുല്‍കോയില്‍ നിരവധി വാഹനങ്ങളില്‍ യൂട്ടിലിറ്റി തൂണുകള്‍ വീണ് ഒരു പള്ളിയുടെ മുന്‍ഭാഗം തകര്‍ന്നതായി എഎഫ്പി ലേഖകന്‍ പറഞ്ഞു. ഭൂകമ്പം മെക്‌സിക്കോ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ശക്തമായി അനുഭവപ്പെട്ടു.

താമസക്കാരും വിനോദസഞ്ചാരികളും ഭീതിയോടെ വീടുകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും തെരുവിലേക്ക് ഓടി. നാശനഷ്ടങ്ങളുടെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ 7.17 ഓടെയാണ് ഭൂചലനമുണ്ടായത്. പസഫിക് റിസോര്‍ട്ട് നഗരമായ അകാപുല്‍കോയ്ക്ക് തെക്കുകിഴക്കായി 11 കിലോമീറ്റര്‍ അകലെ തെക്കുകിഴക്കന്‍ പ്രദേശമായ ഗ്വറേറോയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായി ദൃക്‌സാക്ഷികള്‍ വിവരിക്കുന്നു. വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപസ് ഒബ്രാഡോര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തുടര്‍ച്ചയായ ഭൂചലനങ്ങളുണ്ടായതിനെത്തുടര്‍ന്ന് ഹോട്ടലുകള്‍താസമിച്ചിരുന്ന വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു. ഞാന്‍ കുളിക്കുകയായിരുന്നു, പെട്ടെന്ന് എനിക്ക് വളരെ ശക്തമായ ചലനം അനുഭവപ്പെട്ടു. പിന്നെ ഞാന്‍ ഭയപ്പെടുകയും നിലവിളിക്കുകയും ചെയ്തു- മെക്‌സിക്കോ സിറ്റിയില്‍നിന്നുള്ള ഒരു വിനോദസഞ്ചാരി പ്രതികരിച്ചു. 1985 സപ്തംബര്‍ 19ന് രാജ്യത്തുണ്ടായ ഭൂചലനത്തില്‍ പതിനായിരങ്ങള്‍ മരിച്ചിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 8.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്. 2017 ലെ 7.1 തീവ്രതയുള്ള ഭൂകമ്പത്തില്‍ 370 പേരാണ് മരിച്ചത്.

Tags: