മുസഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം പീഡനക്കേസിലെ സാക്ഷികളെ കാണാനില്ല

ബിഹാറിലെ മൊകാമയിലുള്ള നസ്‌റേത്ത് ആശുപത്രിയില്‍ നിന്ന് ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ഇവരെ കാണാതായത്.

Update: 2019-02-23 12:10 GMT

ബിഹാറിലെ മുസഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം ലൈംഗിക പീഡനക്കേസിലെ സാക്ഷികള്‍ ഉള്‍പ്പെടെ ഏഴ് പെണ്‍കുട്ടികളെ ആശുപത്രിയില്‍ നിന്നു കാണാതായി. ബിഹാറിലെ മൊകാമയിലുള്ള നസ്‌റേത്ത് ആശുപത്രിയില്‍ നിന്ന് ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ഇവരെ കാണാതായത്. ഇതില്‍ അഞ്ച് പേര്‍ മുസഫര്‍പൂര്‍ അഭയ കേന്ദ്രത്തില്‍ നിന്ന് നേരത്തേ രക്ഷപ്പെടുത്തിയവരാണ്. അഭയ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായ കാര്യം ഇവരായിരുന്നു വെളിപ്പെടുത്തിയത്.

ഏഴ് പെണ്‍കുട്ടികളെ കാണാതായ റിപോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കാര്യം പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് കുമാര്‍ രവി സ്ഥിരീകരിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെ 3നും 3.30നും ഇടയിലാണ് മൊകൊമയിലെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ഏഴ് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടതെന്ന് സോഷ്യല്‍ വെല്‍ഫെയര്‍ ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ രാജ് കുമാര്‍ പറഞ്ഞു. അക്രമ സ്വഭാവം കാണിക്കുന്നതിനാല്‍ ഷെല്‍ട്ടര്‍ ഹോമിലെ നസറേത്ത് ആശുപത്രിയില്‍ ഇവര്‍ ചികില്‍സയില്‍ ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മുസഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം പീഡനക്കേസിലെ ഏഴ് പ്രതികളെ ഇന്നലെ ഡല്‍ഹിയിലെ സാകേതിലുള്ള പ്രത്യേക പോസ്‌കോ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിലെ അടുത്ത വാദം കേള്‍ക്കല്‍ ഈ മാസം 25ന് തീരുമാനിച്ചിരിക്കേയാണ് സാക്ഷികളായ പെണ്‍കുട്ടികള്‍ അപ്രത്യക്ഷരായത്. സംഭവത്തില്‍ ആരെയോ രക്ഷിക്കാനുള്ള ഗൂഡാലോചനയാണ് പെണ്‍കുട്ടികള്‍ അപ്രത്യക്ഷരായതിന് പിന്നിലെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ട്വിറ്ററില്‍ ആരോപിച്ചു.

കഴിഞ്ഞ നാലഞ്ച് മാസമായി പെണ്‍കുട്ടികള്‍ മൊകാമയിലെ ഷെല്‍ട്ടര്‍ ഹോമിലാണ് കഴിയുന്നത്. ഷെല്‍ട്ടറിന്റെ ഗ്രില്ലുകളിലൊന്ന് മുറിച്ച നിലയിലായിരുന്നു. ഇതുവഴിയാണ് പെണ്‍കുട്ടികള്‍ പുറത്തുകടന്നതെന്നാണ് കരുതുന്നത്. 

Similar News