കൊല്‍ക്കത്തയില്‍ കനത്ത മഴ; ഏഴു മരണം; മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചു

Update: 2025-09-23 07:01 GMT

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലും പരിസര പ്രദേശങ്ങളിലും പെയ്ത കനത്ത മഴയില്‍ ജനജീവിതം താറുമാറായി. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. അര്‍ധരാത്രി കഴിഞ്ഞപ്പോള്‍ ആരംഭിച്ച മഴയില്‍ റോഡുകള്‍ വെള്ളത്തിനടിയിലാവുകയും നഗരത്തിലെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുകയും ചെയ്തു. മഴക്കെടുതി മൂലം നഗരത്തില്‍ ഏഴുപേര്‍ മരിച്ചു. ദക്ഷിണ ബംഗാള്‍ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പല സ്റ്റേഷനുകളിലും വെള്ളം കയറിയതോടെ ഒട്ടുമിക്ക മെട്രോ സര്‍വീസുകളും നിര്‍ത്തിവച്ചു. ഷാഹിദ് ഖുദിറാം, മൈദാന്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുജന സുരക്ഷ മുന്‍നിര്‍ത്തി നിര്‍ത്തിവച്ചതായി മെട്രോ റെയില്‍ വക്താവ് അറിയിച്ചു. ദക്ഷിണേശ്വര്‍, മൈദാന്‍ സ്റ്റേഷനുകള്‍ക്കിടയില്‍ വെട്ടിച്ചുരുക്കിയ സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിന്റെ തെക്ക്, കിഴക്കന്‍ ഭാഗങ്ങളില്‍ മഴയുടെ തീവ്രത കൂടുതലായിരുന്നു. ഗാരിയ കാംദഹാരിയില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 332 മില്ലിമീറ്റര്‍ മഴയും ജോധ്പുര്‍ പാര്‍ക്കില്‍ 285 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തിയതായി കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. കാളിഘട്ട് 280 മില്ലിമീറ്റര്‍, ടോപ്‌സിയ 275 മില്ലിമീറ്റര്‍, ബാലിഗഞ്ച് 264 മില്ലിമീറ്റര്‍ , വടക്കന്‍ കൊല്‍ക്കത്തയിലെ തന്താനിയ 195 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് രൂപപ്പെട്ട ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണം. ഇത് വടക്കു പടിഞ്ഞാറോട്ട് നീങ്ങാന്‍ സാധ്യതയുണ്ട്. ദക്ഷിണ ബംഗാളിലെ പുര്‍ബ മേദിനിപുര്‍, പശ്ചിം മേദിനിപുര്‍, സൗത്ത് 24 പര്‍ഗാനാസ്, ജാര്‍ഗ്രാം, ബങ്കുര ജില്ലകളില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സെപ്തംബര്‍ 25 ഓടെ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.




Tags: