പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിനെതിരേ ഇന്ത്യന്‍ സൈന്യത്തിന്റെ മിസൈലാക്രമണം
നിയന്ത്രരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികരും മൂന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്താന് കനത്ത നഷ്ടം. ഇന്ത്യന്‍ തിരിച്ചടിയില്‍ ഏഴോ എട്ടോ പാക് സൈനികര്‍ക്ക് ജീവഹാനിയുണ്ടായതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ രണ്ട് എസ്എസ്ജി (സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ്) കമാന്‍ഡോകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപോർട്ട്.
മിസൈലാക്രമണത്തിലൂടെ നിയന്ത്രണരേഖയ്ക്ക് കുറുകെ പാക് അധിനിവേശ കശ്മീരിലെ കുന്നിന്‍ മുകളിലുള്ള ബങ്കറുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. പീരങ്കിയും റോക്കറ്റുകളും ഉപയോഗിച്ച് പാക് സൈന്യത്തിന്റെ ഇന്ധന സംഭരണ ശാലകളും തകര്‍ത്തിട്ടുണ്ട്. ഇതിന്റെ വീഡിയോ സൈന്യം പുറത്തുവിട്ടു. ഒരു ഡസനോളം പാക് സൈനികര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
നിയന്ത്രരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികരും മൂന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന്റെ പ്രത്യാക്രമണമാണ് ഇന്ത്യ നടത്തിയത്.