60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; നടി ശില്‍പ്പാ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരേ വഞ്ചനാ കുറ്റം ചുമത്തി

Update: 2025-12-17 06:47 GMT

മുംബൈ: 60 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ നടി ശില്‍പ്പ ഷെട്ടിക്കും വ്യവസായിയായ ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരേ വഞ്ചനാകുറ്റം ചുമത്തി. വായ്പ - നിക്ഷേപ ഇടപാടില്‍ ദമ്പതികള്‍ വഞ്ചിച്ചതായി ആരോപിച്ച് വ്യവസായി ദീപക് കോത്താരിയുടെ പരാതിയില്‍ മുംബൈ പോലിസിലെ ഇക്കണോമിക് ഓഫിസേഴ്‌സ് വിങാണ് (EOW) എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരം സ്വത്തുക്കള്‍ കണ്ടുകെട്ടാനും നഷ്ടമായ പണം തിരികെ നല്‍കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. പോലിസ് അന്വേഷണത്തില്‍ ശില്‍പ്പയ്ക്കും ഭര്‍ത്താവിനുമെതിരേ തെളിവുകള്‍ ലഭിച്ചതോടെയാണ് ഇവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയതത്.

ഓഗസ്റ്റ് 14 ന് മുംബൈയില്‍, ഹോം ഷോപ്പിങ്, ഓണ്‍ലൈന്‍ റീട്ടെയില്‍ പ്ലാറ്റ്ഫോമായ ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായിരുന്ന കുന്ദ്രയ്ക്കും ഷെട്ടിക്കുമെതിരേ, വായ്പയും നിക്ഷേപവും ഉള്‍പ്പെടുന്ന ഇടപാടില്‍ കോത്താരിയില്‍ നിന്ന് ഏകദേശം 60 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2015 നും 2023 നും ഇടയില്‍ ദമ്പതികള്‍ ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡില്‍ 60 കോടി രൂപ നിക്ഷേപിക്കാന്‍ തന്നെ പ്രേരിപ്പിച്ചുവെന്നും എന്നാല്‍ തുക അവരുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നുമാണ് കോത്താരിയുടെ ആരോപണം.

അന്വേഷണത്തിനിടെ, 60 കോടി രൂപയുടെ ഒരു ഭാഗം അഭിനേതാക്കളായ ബിപാഷ ബസുവിനും നേഹ ധൂപിയയ്ക്കും ഫീസായി നല്‍കിയതായി കുന്ദ്ര അവകാശപ്പെട്ടു. 2016 ല്‍ കേന്ദ്രം നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് ശേഷം തന്റെ കമ്പനി ഇലക്ട്രിക്കല്‍, വീട്ടുപകരണങ്ങളില്‍ വ്യാപാരം നടത്തിയതായും കാര്യമായ നഷ്ടം നേരിട്ടതായും ഒക്‌ടോബറില്‍ കുന്ദ്ര പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കമ്പനിക്ക് കടം വാങ്ങിയ ഫണ്ടുകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതെന്നാണ് വിശദീകരണം.



Tags: