നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണം; ആറ് സംസ്ഥാനങ്ങള്‍ സുപ്രിംകോടതിയില്‍

പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ ചേര്‍ന്നാണ് സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കിയത്. പരീക്ഷ നടത്താന്‍ ഒരുമാസം കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

Update: 2020-08-28 09:39 GMT

ന്യൂഡല്‍ഹി: ഈവര്‍ഷത്തെ ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രിംകോടതിയെ സമീപിച്ചു. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ ചേര്‍ന്നാണ് സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കിയത്. പരീക്ഷ നടത്താന്‍ ഒരുമാസം കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. പരീക്ഷകള്‍ റദ്ദാക്കാനാവില്ലെന്ന് വ്യക്തമാക്കി ഈമാസം 17ന് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.

പരീക്ഷകള്‍ നടത്താനുള്ള തീരുമാനം വിദ്യാര്‍ഥികളുടെ ജീവന്‍ അപകടപ്പെടുത്തുന്നതാണ്. രാജ്യമെമ്പാടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുമ്പോള്‍ പരീക്ഷകള്‍ക്ക് നടത്താനുള്ള തീരുമാനം മതിയായ ആലോചനകളില്ലാത്തതും ഏകപക്ഷീയവുമാണെന്നും ഹരജിയില്‍ കുറ്റപ്പെടുത്തുന്നു. പരീക്ഷകള്‍ നടത്തുന്നതും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതും തുല്യപ്രാധാന്യമുള്ളതാണ്. എന്നാല്‍, കൊവിഡ് വ്യാപനസമയത്ത് പരീക്ഷകള്‍ നടത്തുമ്പോള്‍ നിര്‍ബന്ധിത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ് പരാജയമാണെന്ന് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി.

പരീക്ഷ നടത്തുന്നതിനെതിരേ വെള്ളിയാഴ്ച കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതേസമയം നീറ്റ്, ജെഇഇ പരീക്ഷകള്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. സപ്തംബര്‍ ഒന്ന് മുതല്‍ ആറുവരെയാണ് ജെഇഇ പരീക്ഷ നടത്തുന്നത്. സപ്തംബര്‍ 13നാണ് നീറ്റ് പരീക്ഷ. ഇരുപരീക്ഷകള്‍ക്കുമായി 660 കേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. 10 ലക്ഷത്തോളം മാസ്‌ക്, 20 ലക്ഷത്തോളം ഗ്ലൗസ്, 6,600 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, 1,300ല്‍ അധികം തെര്‍മല്‍ സ്‌കാനറുകള്‍ എന്നിവ സജ്ജമാക്കും. 3,300 ശുചീകരണ തൊഴിലാളികളെയും ഒരുക്കിയിട്ടുണ്ട്. രണ്ടുപരീക്ഷകളുടെയും നടത്തിപ്പിനു മാത്രമായി 13 കോടി രൂപയാണ് ചെലവ്. 

Tags: