ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള: ഇന്‍ ടു ദി ഡാര്‍ക്ക്‌നെസിന് സുവര്‍ണ മയൂരം; ഷൂവോണ്‍ ലിയോ മികച്ച നടന്‍, സോഫിയ സ്റ്റവേ നടി

മികച്ച സംവിധായകനുള്ള രജതമയൂരം ദി സൈലന്റ് ഫോറസ്റ്റ് എന്ന തായ്‌വാനീസ് ചിത്രത്തിലൂടെ കോ ചെന്‍ നിയെന്‍ സ്വന്തമാക്കി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം വാലന്റീനേ എന്ന ബ്രസീലിയന്‍ ചിത്രത്തിലൂടെ കാസിനോ പെരേര സ്വന്തമാക്കി.

Update: 2021-01-24 14:51 GMT

പനാജി: ഗോവയില്‍ നടക്കുന്ന 51ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്‌ഐ) ഇന്‍ ടു ദി ഡാര്‍ക്ക്‌നെസ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം പുരസ്‌കാരത്തിന് അര്‍ഹമായി. ഡെന്‍മാര്‍ക്കില്‍നിന്നുള്ള ചിത്രത്തിന്റെ സംവിധായകന്‍ ആന്‍ഡേന്‍ റഫേനാണ്. 152 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം നാസി അധിനിവേശകാലത്ത് ഡെന്‍മാര്‍ക്കിലെ ജനങ്ങള്‍ക്ക് നേരിടേണ്ടിവന്ന സങ്കീര്‍ണവും വൈകാരികവുമായ പ്രശ്‌നങ്ങളാണ് വിവരിക്കുന്നത്. മികച്ച സംവിധായകനുള്ള രജതമയൂരം ദി സൈലന്റ് ഫോറസ്റ്റ് എന്ന തായ്‌വാനീസ് ചിത്രത്തിലൂടെ കോ ചെന്‍ നിയെന്‍ സ്വന്തമാക്കി. അതേ ചിത്രത്തിലെ അഭിനയത്തിന് ഷൂവോണ്‍ ലിയോ മികച്ച നടനുള്ള പുരസ്‌കാരം നേടി.

ഐ നെവര്‍ ക്രൈ എന്ന ചിത്രത്തിലെ അഭിനയത്തിന് സോഫിയ സ്റ്റവേയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം വാലന്റീനേ എന്ന ബ്രസീലിയന്‍ ചിത്രത്തിലൂടെ കാസിനോ പെരേര സ്വന്തമാക്കി. ക്രിപാല്‍ കലിത സംവിധാനം ചെയ്ത ബ്രിഡ്ജ്, കാമന്‍ കാലെ സംവിധാനം ചെയ്ത ബള്‍ഗേറിയന്‍ ചിത്രം ഫെബ്രുവരി എന്നീ ചിത്രങ്ങള്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി. എസിഎഫ്ടി യുനെസ്‌കോ ഗാന്ധി പുരസ്‌കാരം ഫലസ്തീന്‍ സംവിധായകന്‍ അമീന്‍ നയേഫ ഒരുക്കിയ 200 മീറ്റേഴ്‌സ് എന്ന ചിത്രത്തിന് ലഭിച്ചു.

മികച്ച ചിത്രത്തിന് 40 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. സംവിധായകന്‍ റഫേനും നിര്‍മാതാവ് ലെന്‍ ബോര്‍ഗ്ലവും തമ്മില്‍ പുരസ്‌കാരത്തുക തുല്യമായി പങ്കിടും. എന്നാല്‍, ഇരുവരും പുരസ്‌കാര ചടങ്ങിന് ഹാജരായിരുന്നില്ല. അര്‍ജന്റീനിയന്‍ സംവിധായകന്‍ പാബ്ലോ സീസര്‍ ചെയര്‍മാനും പ്രസന്ന വിത്തനേജ് (ശ്രീലങ്ക), അബുബക്കര്‍ ഷാക്കി (ആസ്‌ത്രേലിയ), ഇന്ത്യന്‍ ചലച്ചിത്ര നിര്‍മാതാവ് പ്രിയദര്‍ശന്‍, ബംഗ്ലാദേശില്‍നിന്നുള്ള റുബായത്ത് ഹുസൈന്‍ എന്നിവരടങ്ങുന്ന അന്താരാഷ്ട്ര ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 51ാം ചലച്ചിത്രമേളയില്‍ മൊത്തം 224 സിനിമകള്‍ മാത്രമാണ് വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ചത്. ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു സമാപന ചടങ്ങുകള്‍.

Tags: